പഞ്ചാബ് വന കുംഭകോണം; വനം ഉദ്യോഗസ്ഥന്‍റെ 53.64 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
ചണ്ഡീഗഢ്: കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ട് റോഞ്ച് ഫോറസ്റ്റ് ഓഫിസറായിരുന്ന സുഖ്‌വീന്ദർ സിങ്ങിന്‍റെ 53.64 ലക്ഷം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി. 2017 മുതൽ 2022 വരെയുള്ള കോൺഗ്രസ് ഭരണകാലത്ത് നടന്ന വന കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇഡി നടപടി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) വിവിധ വകുപ്പുകളും അഴിമതി നിരോധന (ഭേദഗതി) നിയമവും പ്രകാരം പഞ്ചാബ് വിജിലൻസ് ബ്യൂറോ രജിസ്റ്റർ ചെയ്ത രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിൽ ഇഡി അന്വേഷണം ആരംഭിച്ചത്.
സിമന്‍റ് ചെയ്ത് ട്രീ ഗാർഡുകൾക്കുള്ള 45.69 ലക്ഷം രൂപയും മുള ട്രീ ഗാർഡുകൾക്കുള്ള 7 ലക്ഷം രൂപയും അന്നത്തെ മാൻസയിലെ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും മറ്റുള്ളവരുടെയും ഒത്താശയോടെ തട്ടിയെടുത്തുവെന്നാരോപിച്ച് 2022 ഓഗസ്റ്റിൽ വിജിലൻസ് ബ്യൂറോ സുഖ്‌വീന്ദറിനെ അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തെ വകുപ്പിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം അദ്ദേഹത്തിന്‍റെ സസ്‌പെൻഷൻ പിൻവലിച്ചിരുന്നു. 2026 ൽ അദ്ദേഹം വിരമിക്കും.
സുഖ്‌വീന്ദർ നിലവിലില്ലാത്ത നിരവധി സ്ഥാപനങ്ങളുടെ ബില്ലുകൾ വാങ്ങുകയും വിവിധ സ്വകാര്യ വ്യക്തികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യുകയും പിന്നീട് തുക പണമായി സ്വീകരിക്കുകയും ചെയ്തതായി ഇഡി കണ്ടെത്തിയിരുന്നു. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ, കുറ്റാരോപിതനായ വനം ഉദ്യോഗസ്ഥൻ ₹53.64 ലക്ഷം രൂപയുടെ വരുമാനം (പിഒസി) നേടിയതായി ഇഡി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.