file
ന‍്യൂഡൽഹി: ബിജെപിയും നിതീഷ് കുമാറും ചേർന്ന് ബിഹാറിനെ ഇന്ത‍്യയുടെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി മാറ്റിയെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വ‍്യവസായി ഗോപാൽ ഖേംക കഴിഞ്ഞ ദിവസം വെടിയേറ്റ് കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ബിജെപിയെയും മുഖ‍്യമന്ത്രി നിതീഷ് കുമാറിനെയും വിമർശിച്ച് രാഹുൽ ഗാന്ധി രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം.
''നിങ്ങളുടെ മക്കളെ സംരക്ഷിക്കാൻ സാധിക്കാത്ത സർക്കാരിന് നിങ്ങളുടെ ഭാവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ കഴിയില്ല. ഇത് സർക്കാരിനെ മാറ്റാനായുള്ള തെരഞ്ഞെടുപ്പല്ല. ബിഹാറിനെ രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പാണ്. സഹോദരി സഹോദരന്മാരെ ഇനിയും ഈ അനീതി പൊറുക്കാൻ കഴിയില്ല''. രാഹുൽ ഗാന്ധി പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മഗഡ് ആശുപത്രിയുടെയും നിരവധി പെട്രോൾ പമ്പുകളുടെയും ഉടമയായ ഖേംക പറ്റ്നയിലെ ഗാന്ധി മൈതാനത്ത് വച്ച് കൊല്ലപ്പെടുന്നത്. ഖേംകയെ കൊന്ന ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. സ്വത്ത് തർക്കം മൂലമാണ് ഖേംക കൊല്ലപ്പെട്ടതെന്നാണ് ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട്.