file
ന‍്യൂഡൽഹി: ആർഎസ്എസ് ക്രിസ്ത‍്യൻ സമുദായത്തിനെതിരേ തിരിയാൻ അധികം സമയം വേണ്ടി വരില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സമൂഹമാധ‍്യമത്തിലൂടെയായിരുന്നു രാഹുൽ ഈ കാര‍്യം വ‍്യക്തമാക്കിയത്. നിലവിൽ വഖഫ് ബില്ലിലലൂടെ മുസ്‌ലിംകളെ ആക്രമിക്കുന്നു.
ഭാവിയിൽ മറ്റ് സമുദായങ്ങളെ ലക്ഷ‍്യം വയ്ക്കുന്നതിന് ഇതൊരു മാതൃക സൃഷ്ടിക്കുമെന്നും താൻ പറഞ്ഞിരുന്നു. ഇത്തരം ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കുന്ന ഒരേയൊരു കവചം ഭരണഘടനയാണ്. ആക്രമണങ്ങൾ ചെറുക്കാൻ ഒരുമിച്ച് പോരാടാം രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു.
ആർഎസ്എസ് മുഖവാരികയായ ഓർഗനൈസറിലെ ലേഖനത്തെ പറ്റിയുള്ള വാർത്ത പങ്കുവച്ചായിരുന്നു രാഹുലിന്‍റെ പ്രതികരണം. രാജ‍്യത്ത് സർക്കാർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഭൂ സ്വത്തുള്ളത് കത്തോലിക്ക സഭയ്ക്കാണെന്നായിരുന്നു ലേഖനത്തിലെ ഉള്ളടക്കം.
പള്ളികളും, സ്കൂളുകളും, ഹോസ്റ്റലുകളുമടക്കം 20,000 കോടിയുടെ സ്വത്ത് കത്തോലിക്ക സഭയ്ക്ക് ഉണ്ടെന്ന് ലേഖനത്തിൽ പറയുന്നു.
വിവാദമായതിനു പിന്നാലെ ആർഎസ്എസ് ലേഖനം പിൻവലിച്ചിരുന്നു. ഈ സാഹചര‍്യത്തിലാണ് രാഹുലിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്.