ജയ്പുർ: രാജസ്ഥാനിൽ ബിജെപി നിയമസഭാ കക്ഷി യോഗം ചേരും മുൻപ് എംഎൽഎമാരും നേതാക്കളും ചേർന്നൊരു ഗ്രൂപ്പ് ഫോട്ടൊയെടുത്തു. മുതിർന്ന നേതാക്കൾ മുൻ നിരയിൽ കസേരകളിലിരുന്നപ്പോൾ മൂന്നാം നിരയിൽ വലത്തുനിന്ന് മൂന്നാമതായിരുന്നു ചിത്രത്തിൽ ഭജൻലാൽ ശർമയുടെ സ്ഥാനം. എന്നാൽ, എംഎൽഎമാരുടെ യോഗത്തോടെ ചിത്രം മാറി. അപ്രധാനമായ പിൻനിരയിൽ നിന്ന് ഒന്നാംനിരയിൽ പ്രധാനിയായി ശർമ.
എംഎൽഎമാർക്കു പോലും സൂചനകളില്ലാതെയുള്ള തെരഞ്ഞെടുപ്പായിരുന്നു ശർമയുടേത്. എന്നാൽ, ദേശീയ നേതൃത്വം എല്ലാം പണ്ടേ മനസിൽ കണ്ടുവെന്നാണ് സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ തെളിയുന്നത്. ബിജെപി ശക്തമല്ലാത്ത ഭരത്പുർ സ്വദേശിയാണ് ശർമ. നാലു തവണയായി സംസ്ഥാനത്ത് ബിജെപി ജനറൽ സെക്രട്ടറിയായിരുന്നു. കന്നി മത്സരത്തിന് ശർമയെ നിയോഗിച്ചത് സ്വന്തം നാട്ടിലായിരുന്നില്ല, മറിച്ച് ബിജെപിയുടെ ഇളക്കംതട്ടാത്ത കോട്ടയായ സംഗനേറിൽ. ഇതുതന്നെ കൃത്യമായ ലക്ഷ്യത്തോടെയെന്നാണ് ഇപ്പോൾ തെളിയുന്ന ചിത്രം.
ആർഎസ്എസുമായും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയുമായും അടുത്ത ബന്ധമുണ്ട് ശർമയ്ക്ക്. എന്നാൽ, അതിലപ്പുറം സംഘാടനത്തിലെ മികവാണ് ശർമയോട് നേതൃത്വത്തിന്റെ ഇഷ്ടത്തിനു കാരണം. കഴിഞ്ഞ അഞ്ചു വർഷം പ്രതിപക്ഷത്തിരിക്കുമ്പോഴും പാർട്ടിയെ സജീവമായി നിലനിർത്തിയതിൽ ശർമയുടെ പങ്ക് പ്രധാനമായിരുന്നു. നേരിട്ടും വെർച്വലായും പ്രവർത്തകരോട് അദ്ദേഹം നിരന്തരം ബന്ധം പുലർത്തി. സംസ്ഥാനത്ത് ഏതു മുക്കിലും മൂലയിലുമുള്ള പ്രവർത്തകരെയും പേര് വിളിച്ച് സംസാരിക്കാനാകുന്ന ബന്ധമാണ് ശർമയ്ക്കുള്ളത്.
ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശർമയുടെ ഈ മികവ് പരമാവധി ഉപയോഗിക്കാനാണു നേതൃത്വത്തിന്റെ നീക്കമെന്നാണു വിലയിരുത്തൽ. പാർട്ടിയുടെ മറ്റു മുഖ്യമന്ത്രിമാരെല്ലാം ഒബിസി, പിന്നാക്ക വിഭാഗത്തിൽ നിന്നാണ്. ഈ സാഹചര്യത്തിൽ മുന്നാക്ക വിഭാഗത്തെ മാറ്റിനിർത്തുന്നില്ലെന്ന സന്ദേശം നൽകാനും ശർമയിലൂടെ ബിജെപി ലക്ഷ്യമിടുന്നുണ്ട്.