പാസ്പോർട്ടില്ലാതെ നേപ്പാൾ അതിർത്തിയിൽ അമെരിക്കക്കാരൻ പിടിയിൽ

 
India

പാസ്പോർട്ടില്ലാതെ നേപ്പാൾ അതിർത്തിയിൽ അമെരിക്കക്കാരൻ പിടിയിൽ

മുൻ യുഎസ് നേവി ഉദ്യോഗസ്ഥനെന്ന് വെളിപ്പെടുത്തൽ

Reena Varghese

ന്യൂഡൽഹി: മതിയായ യാത്രാ രേഖകളില്ലാതെ നേപ്പാളിലേയ്ക്കു കടക്കാൻ ശ്രമിച്ച അമെരിക്കൻ പൗരനെന്ന് അവകാശപ്പെട്ട യുവാവിനെ അറസ്റ്റ് ചെയ്ത് എസ്എസ്ബി. ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ എസ്എസ്ബിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ തന്‍റെ പേര് ജോർദാൻ ബ്രൗൺ എന്നാണന്നും കാലിഫോർണിയയാണ് സ്വദേശമെന്നും അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു.

ഞായറാഴ്ച സോനൗലി പൊലീസ് സ്റ്റേഷൻ പരിധിയിലെ മൈനിഹ്വ മേഖലയിൽ അതിർത്തി തൂൺ നമ്പർ 516നു സമീപം പതിവു പട്രോളിങിനിടെയാണ് എസ്എസ്ബിയുടെ 22ാം ബറ്റാലിയൻ ഇയാളെ തടഞ്ഞത്. പരിശോധനയ്ക്കായി ആവശ്യപ്പെട്ടെങ്കിലും ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചതായി അധികൃതർ അറിയിച്ചു.

ജോർദാൻ ബ്രൗൺ

പിന്നാലെ അതിർത്തി സുരക്ഷാ സേന ഇയാളെ പിടികൂടി. അറസ്റ്റ് സമയത്ത് ഇയാളുടെ കൈവശം പാസ്പോർട്ടോ വിസയോ മറ്റു തിരിച്ചറിയൽ രേഖകളോ ഉണ്ടായിരുന്നില്ലെന്ന് മഹാരാജ്ഗഞ്ച് അഡീഷണൽ പൊലീസ് സൂപ്രണ്ട് സിദ്ധാർഥ് അറിയിച്ചു.തായ് ലൻഡിൽ വച്ച് തന്‍റെ പാസ്പോർട്ട് നഷ്ടമായെന്നാണ് ചോദ്യം ചെയ്യലിൽ പൊലീസിനോടു പറഞ്ഞത്. ടൂറിസ്റ്റ് വിസയിൽ തായ് ലൻഡിലേയ്ക്കു പോയിരുന്നു എന്നും അവിടെ വച്ചാണ് പാസ്പോർട്ട് നഷ്ടപ്പെട്ടതെന്നും ഇയാൾ പറഞ്ഞു.

കൂടാതെ താൻ അമെരിക്കൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനാണെന്നും ജോർദാൻ ബ്രൗൺ അവകാശപ്പെട്ടു. അന്വേഷണത്തിൽ ലഭിച്ച വിവരമനുസരിച്ച് തായ് ലൻഡിൽ നിന്നു കടൽ മാർഗം ശ്രീലങ്കയിൽ എത്തിയ ബ്രൗൺ അവിടെ നിന്ന് 2025 നവംബർ 2ന് കടൽമാർഗം ഇന്ത്യയിലെത്തി.

തുടർന്ന് ഏകദേശം ഏഴു മാസം ഗോവയിൽ താമസിച്ചിരുന്നതായും പിന്നീട് ഗോവയിൽ നിന്ന് ബംഗളൂരുവിലെത്തി അവിടെ നിന്നും സോനൗലി അതിർത്തിയിലെത്തി നേപ്പാളിലേയ്ക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു എന്നും പൊലീസ് പറഞ്ഞു. യാത്രാ രേഖകളോ തിരിച്ചറിയൽ രേഖകളോഇല്ലാതെയാണ് ഇയാൾ നേപ്പാളിലേയ്ക്ക് പ്രവേശിക്കാൻ ശ്രമിച്ചത്. അതിനിടെയാണ് ഇയാളെ പിടികൂടിയത്. അഡീഷണൽ എസ്.പി വ്യക്തമാക്കി.

ബ്രൗണിന്‍റെ കൈയിൽ നിന്ന് 31,460 രൂപയും രണ്ടു മൊബൈൽ ഫോണുകളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. എസ്എസ്ബിയും മറ്റു സുരക്ഷാ ഏജൻസികളും ചേർന്ന് പ്രാഥമിക ചോദ്യം ചെയ്യൽ നടത്തിയ ശേഷം തുടർ നിയമ നടപടികൾക്കായി ഇയാളെ സോനൗലി പൊലീസിനു കൈമാറി. രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ചതിന് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്റ്റിലെ 21,23 വകുപ്പുകൾ പ്രകാരം സോനൗലി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

''കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ? നീതി വേണം''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; കേരളം അടക്കം 4 സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

200 വർഷത്തിനു ശേഷം വീട്ടിൽ പെൺകുഞ്ഞ് പിറന്നു; രഥത്തിൽ വരവേറ്റ് കുടുംബം

ഇന്ത‍്യ അയർലൻഡിനോട് തോറ്റു, ക്രിക്കറ്റ് അവിടെ അവസാനിച്ചോ? പാക്കിസ്ഥാന്‍റെ തോൽവിയിൽ പ്രതികരണവുമായി മൊഹ്സിൻ നഖ്‌വി

എം.കെ. സ്റ്റാലിന് തിരിച്ചടി; കൊളത്തൂരിലെ തെരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്ന ഹർജി തള്ളി