സാറാ അബ്ദുള്ളയും സച്ചിൻ പൈലറ്റും 
India

സച്ചിൻ പൈലറ്റ് വിവാഹമോചിതൻ! വെളിപ്പെടുത്തൽ നാമനിർദേശ പത്രികയിൽ

ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകൾ സാറാ അബ്ദുള്ളയെയാണ് സച്ചിൻ വിവാഹം കഴിച്ചിരുന്നത്.

ജയ്പുർ: കോൺഗ്രസ് യുവനേതാവ് സച്ചിൻ പൈലറ്റ് വിവാഹമോചിതനാണെന്ന് വെളിപ്പെടുത്തൽ. രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ടോങ്ക് മണ്ഡലത്തിൽ നിന്ന് മത്സരിക്കുന്നതിനായുള്ള നാമനിർദേശ പത്രികയിലാണ് സച്ചിൻ വിവാഹമോചിതനാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകൾ സാറാ അബ്ദുള്ളയെയാണ് സച്ചിൻ വിവാഹം കഴിച്ചിരുന്നത്. ബോളിവുഡ് സിനിമകളോട് കിട പിടിക്കുന്ന പ്രണയ വിവാഹമായിരുന്നു സച്ചിന്‍റെയും സാറയുടെയും. അമെരിക്കയിലെ പെൻസിൽവാനിയയിലുള്ള വാർട്ടൺ സ്കൂൾ ഒഫ് യൂണിവേഴ്സിറ്റിയിൽ ഉന്നത പഠനത്തിനെത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്.

വർഷങ്ങളോളം നീണ്ട പ്രണയത്തിനു ശേഷം ഇരുവരും വിവാഹിതരായി. ഹിന്ദു കുടുംബത്തിൽ നിന്നുള്ള സച്ചിനും കശ്മീരി മുസ്ലിം കുടുംബത്തിൽ നിന്നുള്ള സാറയും തമ്മിലുള്ള വിവാഹം അത്ര എളുപ്പമല്ലായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇരുകുടുംബങ്ങളുടെയും സമ്മതത്തോടെ 2004 ജനുവരിയിൽ ഇരുവരും ഒരുമിച്ചു. ആരണെന്നും വേഹാനെന്നും പേരുള്ള രണ്ട് മക്കളും ഇരുവർക്കുമുണ്ട്. വിവാഹ ജീവിത രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴാണ് അപ്രതീക്ഷിതമായി വിവാഹ മോചന വാർത്ത പുറത്തു വരുന്നത്.

സച്ചിനോ സാറയോ ഇതു വരെയും വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞിട്ടില്ല. നാമനിർദേശ പത്രികയിലെ വെളിപ്പെടുത്തൽ അണികളെ പോലും അമ്പരപ്പിക്കുന്നതാണെന്ന് ചുരുക്കം. വ്യക്തി ജീവിതത്തിലെ ഈ വഴിത്തിരിവ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിലും പ്രതിഫലിക്കുന്നതിനുള്ള സാധ്യതകൾ തള്ളിക്കളയാനാകില്ല. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സച്ചിന്‍റെ സ്വത്ത് ഇരട്ടിയായതായും നാമനിർദേശ പത്രികയിലുണ്ട്. 2018ൽ 3.8 കോടിയുടെ സ്വത്താണ് സച്ചിനുണ്ടായിരുന്നത്. ഇത്തവണയത് 7.5 കോടി രൂപയുടെ സ്വത്തു വകകളായി വർധിച്ചിട്ടുണ്ട്. ഭൂട്ടേശ്വർ മഹാദേവക്ഷേത്രത്തിൽ പ്രാർഥിച്ചതിനു ശേഷമാണ് സച്ചിൻ നാമനിർദേശ പത്രിക സമർപ്പിച്ചത്.നവംബർ 25നാണ് രാജസ്ഥാനിൽ തെരഞ്ഞെടുപ്പ്.

പാലിനും പനീറിനും ജിഎസ്ടി ഇല്ല, ചെറുകാറുകൾക്ക് വില കുറയും; സ്ലാബുകൾ വെട്ടിക്കുറച്ച് ജിഎസ്ടി കൗൺസിൽ

കെഎസ്ആർടിസി ബസും എസ്‌യുവിയും കൂട്ടിയിടിച്ചു; അഞ്ച് വയസുകാരി ഉൾപ്പെടെ മൂന്നു പേർ മരിച്ചു

അയ്യപ്പസംഗമം: യുഡിഎഫിൽ അഭിപ്രായഭിന്നത

തൃശൂർ ലുലു മാൾ പദ്ധതി: നിയമപരമായി മുന്നോട്ട് പോകുമെന്ന് എം.എ. യൂസഫലി

ഇന്ത്യൻ താരിഫ് യുഎസിനെ കൊല്ലുന്നു: ട്രംപ്