മണിപ്പുരിൽ തയാറെടുപ്പുകൾ സജീവം
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദി മണിപ്പുർ സന്ദർശിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇംഫാലിലും ചുരാചന്ദ്പുരിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന- കേന്ദ്ര സേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ചുരാചന്ദ്പുരിൽ എയർഗണ്ണുകളുടെ ഉപയോഗവും നിരോധിച്ചു. വിവിഐപി സന്ദർശനം ഉണ്ടായേക്കാമെന്നാണ് ഇതിനു കാരണമായി പറയുന്നത്.
ഇംഫാലിലെ 237 ഏക്കർ വരുന്ന കാംഗ്ല ഫോർട്ടിലും ചുരാചന്ദ്പുരിലെ പീസ് ഗ്രൗണ്ടിലുമാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കായി വേദികൾ ഒരുങ്ങുന്നത്. ശനിയാഴ്ച മിസോറമിൽ നിന്ന് മോദി നേരെ മണിപ്പുരിൽ എത്തുമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഉന്നതോദ്യോഗസ്ഥരുടെ യോഗങ്ങൾ നടക്കുന്നുണ്ടെങ്കിലും സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങൾ ഇക്കാര്യം ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല.
2023ൽ മെയ്തികളും കുകികളും തമ്മിലുള്ള സാമുദായിക കലാപം കത്തിപ്പടർന്നതിനു ശേഷം ഇതാദ്യമായാണ് മോദി മണിപ്പുരിലെത്തുന്നത്. കലാപം കത്തിയാളിയിട്ടും പ്രധാനമന്ത്രി സംസ്ഥാനത്തെത്താതിരുന്നത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.