ഹെൽമറ്റ് ഇല്ലാത്തതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കാനാവില്ല

 
ruslanmarselin
India

ഹെൽമറ്റ് ഇല്ലാത്തതുകൊണ്ട് ഇൻഷുറൻസ് നിഷേധിക്കാനാവില്ല

ഹെല്‍മറ്റ് ധരിക്കുകയെന്നത് നിയമപരമായ ബാധ്യതയാണ്. എന്നാൽ, അതു ലംഘിച്ചതു കൊണ്ടു മാത്രമാണ് അപകടമുണ്ടായത് എന്ന് വാദിക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതി

MV Desk

ചെന്നൈ: അപകടസമയത്ത് ഹെല്‍മറ്റ് ധരിച്ചില്ലെന്നതിന്‍റെ പേരില്‍ നഷ്ടപരിഹാരത്തുകയുടെ 7% അപകടത്തില്‍പ്പെട്ടയാളുടെ ബാധ്യതയാണെന്ന മോട്ടോര്‍ ആക്‌സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ശരിവെച്ചു. ഹെല്‍മറ്റ് ധരിക്കാത്തത് വീഴ്ചയാണെന്നും ഇക്കാരണത്താല്‍ അപകടത്തില്‍പ്പെട്ടയാളുടെ ബാധ്യതാ വിഹിതം വര്‍ധിപ്പിക്കണമെന്നുമുള്ള തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍റെ വാദം ഹൈക്കോടതി തള്ളി.

ഹെല്‍മറ്റ് ധരിക്കുകയെന്നത് നിയമപരമായ ബാധ്യതയാണെന്നും അതു ലംഘിച്ചതു കൊണ്ടു മാത്രമാണ് അപകടമുണ്ടായത് എന്ന് വാദിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റിസ് എന്‍. ആനന്ദ് വെങ്കിടേഷ്, ജസ്റ്റിസ് കെ.കെ. രാമകൃഷ്ണന്‍ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. നിയമലംഘനത്തിന് അപകടവുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ ഇത്തരം വാദങ്ങള്‍ നിലനില്‍ക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.

ഹെല്‍മറ്റ് ധരിക്കാത്തത് പോലുള്ള ചട്ടങ്ങളുടെ ലംഘനം നടന്നുവെന്നതുകൊണ്ട് മാത്രം, അപകടത്തിനു കാരണക്കാരനായ വ്യക്തിക്ക് എതിര്‍കക്ഷിയുടെ മേല്‍ കൂട്ടുത്തരവാദിത്വം ആരോപിക്കാന്‍ അവകാശമില്ല. ഇത്തരം ലംഘനത്തിന് അപകടം നടന്നതുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിയിക്കപ്പെടാത്ത പക്ഷം ഈ വാദം നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹെല്‍മറ്റ് ധരിക്കുന്നതിന്‍റെ ലക്ഷ്യം തലയ്‌ക്കേറ്റ പരിക്കിന്‍റെ ആഘാതം കുറയ്ക്കുകയോ അല്ലെങ്കില്‍ അത് തടയുകയോ ചെയ്യുക എന്നതാണ്. മറിച്ച്, അപകടം നടക്കുന്നത് തടയുക എന്നതല്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ ഹെല്‍മറ്റ് ധരിക്കാത്തത് അപകടത്തിന്‍റെ കാരണമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. ദിണ്ടിഗല്‍ മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണല്‍ ഉത്തരവിനെ ചോദ്യം ചെയ്ത് തമിഴ്നാട് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.

ഉസിലംപെട്ടി-പട്ടേലങ്കൂര്‍ റോഡിലൂടെ ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുകയായിരുന്ന ആളെ എതിര്‍ദിശയില്‍ നിന്ന് അമിതവേഗതയിലും അശ്രദ്ധമായും വന്ന ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഇടിക്കുകയായിരുന്നു. ആഘാതത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. മരിച്ചയാളുടെ ആശ്രിതര്‍ 80,00,000 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കി. വാക്കാലുള്ളതും രേഖാമൂലമുള്ളതുമായ തെളിവുകള്‍ പരിഗണിച്ച ട്രൈബ്യൂണല്‍, ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ് മൂലമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി. ഹെല്‍മറ്റ് ധരിക്കാത്തതിന് മരിച്ച വ്യക്തി 7% ബാധ്യത വഹിക്കണമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കി. മരിച്ചയാളുടെ പ്രതിമാസ വരുമാനം 18,000 രൂപയായി നിശ്ചയിച്ച കോടതി, ആകെ 28,85,790 രൂപ നഷ്ടപരിഹാരമായി അനുവദിച്ചു.

അപ്പീല്‍ വേളയില്‍, മരിച്ച വ്യക്തിക്കും അപകടത്തില്‍ പങ്കുണ്ടെന്നും 7 ശതമാനം മാത്രം ഉത്തരവാദിത്തം നിശ്ചയിച്ചത് തെറ്റാണെന്നും ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ വാദിച്ചു. കൂട്ടുത്തരവാദിത്തം കുറഞ്ഞത് 20 ശതമാനമെങ്കിലും നിശ്ചയിക്കണമായിരുന്നു എന്നായിരുന്നു കോര്‍പ്പറേഷന്റെ വാദം. കൂടാതെ, രേഖാമൂലമുള്ള തെളിവുകളില്ലാതെ പ്രതിമാസ വരുമാനം 18,000 രൂപയായി നിശ്ചയിച്ചത് നിയമപരമല്ലെന്നും കോര്‍പ്പറേഷന്‍ വാദിച്ചു. എന്നാല്‍, എഫ്ഐആറും ദൃക്സാക്ഷി മൊഴിയും ബസ് ഡ്രൈവറുടെ ഭാഗത്തുള്ള അശ്രദ്ധ വ്യക്തമായി തെളിയിക്കുന്നുണ്ടെന്ന് മരിച്ചയാളുടെ ആശ്രിതര്‍ ബോധിപ്പിച്ചു.

സാക്ഷികളുടെ മൊഴികള്‍ പരിശോധിച്ച കോടതി, അപ്പീല്‍ നല്‍കിയ കോര്‍പ്പറേഷന്‍ ബസിന്റെ അശ്രദ്ധമായ ഡ്രൈവിങ് മൂലമാണ് അപകടമുണ്ടായതെന്ന് നിരീക്ഷിച്ചു. ബസ് ഡ്രൈവര്‍ക്കെതിരെയാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും വകുപ്പുതല നടപടികള്‍ അയാള്‍ക്കെതിരെയാണ് അവസാനിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രൈബ്യൂണല്‍ ഒരു സമതുലിതമായ നിലപാടാണ് സ്വീകരിച്ചതെന്നും, തുകയുടെ ശതമാനം വര്‍ദ്ധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിമാസ വരുമാനം 18,000 രൂപയായി നിശ്ചയിച്ച ട്രൈബ്യൂണല്‍ ഉത്തരവില്‍ അസ്വാഭാവികതയോ നിയമവിരുദ്ധതയോ ഇല്ലെന്നും കോടതി കണ്ടെത്തി.

കുംഭമേള പെൺകുട്ടിക്ക് 18 തികഞ്ഞെന്ന് ആവർത്തിച്ച് പൊലീസ്

സഞ്ജു ടോപ് സ്കോറർ, ചെന്നൈ 192/5

മാർപ്പാപ്പയ്ക്കെതിരായ ട്രംപിന്‍റെ വിമർശനം: അമെരിക്കൻ ബിഷപ്പുമാർക്ക് പ്രതിഷേധം

സർക്കാർ വക ചായ സത്കാരങ്ങൾക്ക് ചായ പാടില്ല!

ഇറാൻ-അമെരിക്ക വെടിനിർത്തൽ അവസാനിക്കും മുമ്പേ വീണ്ടും ചർച്ചയ്ക്ക് നീക്കം