.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഭോപ്പാൽ/ന്യൂഡൽഹി: മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവ സങ്കേതത്തിൽ കാട്ടാനകൾ കൂട്ടത്തോടെ ചരിയുന്നു. ചൊവ്വാഴ്ച നാലു കാട്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയിരുന്നു. ബുധനാഴ്ച മൂന്നെണ്ണം കൂടി ചരിഞ്ഞു. മൂന്ന് ആനകൾ അവശനിലയിലെന്നും കണ്ടെത്തിയിട്ടുണ്ട്. 13 അംഗങ്ങളുള്ള ആനക്കൂട്ടത്തിലെ അംഗങ്ങളാണ് ഇവയെന്നു വനംവകുപ്പ് അധികൃതർ.
കീടനാശിനി കലർന്ന വിളകൾ കഴിച്ചതാണോ മരണകാരണമെന്നു സംശയമുണ്ട്. വിശദ അന്വേഷണത്തിനു പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചതായി മധ്യപ്രദേശ് വനം മന്ത്രി രാംനിവാസ് റാവത്ത് അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം വനംവകുപ്പ് ജീവനക്കാരുടെ പതിവു പട്രോളിങ്ങിൽ രണ്ടാനകളെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. തുടർന്നു നടത്തിയ പരിശോധനയിൽ രണ്ടു ജഡങ്ങൾ കൂടി കണ്ടു. മൂന്നു പിടിയാനകളും ഒരു കൊമ്പനുമാണ് ചരിഞ്ഞതെന്നു ചീഫ് വൈൽഡ് ലൈഫ് വാർഡൻ വിജയ് എൻ. അംബാഡെ. ഇന്നലെ പ്രദേശത്ത് വീണ്ടും തെരച്ചിൽ നടത്തിയപ്പോഴാണ് മൂന്നെണ്ണം കൂടി ചരിഞ്ഞതായി കണ്ടെത്തിയത്. ഇതിനൊപ്പം അവശനിലയിൽ കണ്ടെത്തിയ മൂന്ന് ആനകൾക്കു ചികിത്സ ആരംഭിച്ചു. മറ്റ് ആനകളെയും നിരീക്ഷിക്കുന്നുണ്ട്.
ആനക്കൂട്ടം കൃഷിയിടത്തിലിറങ്ങി തിന കഴിച്ചതായി സംശയമുണ്ട്. പ്രദേശത്തെ കൃഷിഭൂമികളിലും ജലാശയങ്ങളിലും പരിശോധന നടത്തും. എന്നാൽ, ആനകളെ കൂട്ടത്തോടെ കൊല്ലാൻ മാത്രമുള്ള വിഷപ്രയോഗം ഈ പ്രദേശത്തെ കർഷകർക്കു സാധിക്കില്ലെന്ന് ആക്റ്റിവിസ്റ്റ് അജയ് ദുബെ പറഞ്ഞു.
വിന്ധ്യ, സാത്പുര മലനിരകൾക്കു നടുവിലായി മധ്യപ്രദേശിലെ ഉമരിയ ജില്ലയിലാണ് 105 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ബാന്ധവ്ഗഡ് കടുവസങ്കേതം. 1968ൽ ദേശീയോദ്യാനമായി ഉയർത്തിയ ഇവിടം ബംഗാൾ കടുവകളുടെ പേരിൽ പ്രശസ്തമാണ്. ആനകളില്ലാതിരുന്ന കാടാണിത്. 2018ൽ ഛത്തിസ്ഗഡിൽ നിന്ന് ഇരുപതോളം ആനകൾ ഈ വനത്തിലെത്തുകയായിരുന്നു. സീസണ് ശേഷം തിരികെപ്പോകുമെന്നു കരുതിയെങ്കിലും ഇവ ഇവിടെ തുടർന്നു. നിലവിൽ അറുപതോളം ആനകളാണ് ബാന്ധവ്ഗഡിലുള്ളത്.