മുറിവ് വിചിത്രം! രോഗം അതിവേഗം നാഡീവ്യവസ്ഥകളിലേക്ക്! മധ്യപ്രദേശിൽ അജ്ഞാത ജീവിയുടെ കടിയേറ്റ് മരിച്ചത് 6 പേർ
ഭോപ്പാൽ: മധ്യപ്രദേശിൽ അജ്ഞാത ജീവിയുടെ കടിയേറ്റ് രണ്ടാഴ്ചയ്ക്കിടെ 6 മരണം. റാബിസ് വൈറസ് ബാധിച്ച ഏതോ ഒരു ജീവിയാണ് കടിച്ചതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. എന്നാൽ ഇത് ഏത് മൃഗമാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
മധ്യപ്രദേശിലെ ബർവാനിയിലാണ് സംഭവം. മേയ് 5 ന് പുലർച്ചെയാണ് ഉറങ്ങിക്കിടന്ന 17 പേരെ ഈ മൃഗം കടിക്കുന്നത്. തുടർന്ന് റാബിസ് വാക്സിൻ എടുത്തെങ്കിലും ഇതിൽ 40 നും 60 ഇടയിൽ പ്രായമുള്ള 6 പേർ മരിക്കുകയായിരുന്നു.
ചിലർ ഇതിനെ കാണാൻ നായയെ പോലെ ഉണ്ടെന്നാണ് പറയുന്നത്. മറ്റു ചിലർ കഴുതപുലിയോട് സാദ്യശ്യപ്പെടുത്തുന്നു. എന്നാൽ ഈ ജീവി നായയെ പോലെ കുരയ്ക്കുന്നില്ല. മുരളുക മാത്രമേ ഉള്ളൂ എന്നും ഗ്രാമവാസികൾ പറയുന്നു.
കടിയേറ്റ മുറിവുകളുടെ അസാധാരണത്വവും, രോഗം അതിവേഗം നാഡീവ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതുവരെ ഇത്തരത്തിലൊരു മുറിവേറ്റ പാട് കണ്ടിട്ടില്ലെന്നും മരിച്ചവരുടെ ആന്തരികാവയവങ്ങൾ, തലച്ചോറ് തുടങ്ങിയവ കൃത്യമായ പഠനത്തിന് വിധേയമാക്കാനായി ഡൽഹിയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും ഡോക്‌ടർമാർ അറിയിച്ചു. ഈ റിപ്പോർട്ടുകൾ ലഭിച്ചാൽ മാത്രമേ റാബിസ് മൂലമാണോ മറ്റെന്തെങ്കിലുമാണോ മരണങ്ങൾക്ക് കാരണമെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.