ചെങ്കോട്ട സ്ഫോടനം
ന‍്യൂഡൽഹി: രാജ‍്യ തലസ്ഥാനത്ത് ചെങ്കോട്ടയിലെ മെട്രൊ സ്റ്റേഷനു സമീപം നിർത്തിയിട്ടിരുന്ന കാറിലുണ്ടായ ഉഗ്ര സ്ഫോടനം ചാവേറാക്രമണമല്ലെന്ന് റിപ്പോർട്ട്. സ്ഫോടനം നടന്നത് സാധാരണയുള്ള ചാവേറാക്രമണത്തിന്‍റെ സ്വഭാവത്തിലല്ലെന്നാണ് വിലയിരുത്തൽ.
ചെങ്കോട്ടയിൽ നടന്നത് പരിഭ്രാന്തിയിലുണ്ടായ സ്ഫോടനമെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഡോ. ഉമർ സ്ഫോടകവസ്തുക്കൾ കാറിൽ കടത്തിക്കൊണ്ടുപോകുന്നതിനിടെ പൊട്ടിത്തെറിച്ചതായിരിക്കാമെന്ന് അന്വേഷണ ഉദ‍്യോഗസ്ഥർ സംശയിക്കുന്നു. പ്രതികൾ നിർമിച്ച ഐഇഡി ശരിയായ രീതിയിലായിരുന്നില്ല ഉറപ്പിച്ചതെന്ന് നേരത്തെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു.
സാധാരണ ഐഇഡി സ്ഫോടനം നടക്കുമ്പോൾ ഗർത്തം രൂപപ്പെടുമെന്നും പക്ഷേ ചെങ്കോട്ട സ്ഫോടനത്തിൽ ഗർത്തമുണ്ടായിരുന്നില്ല. കൂടാതെ ഇരുമ്പ് ചീളുകളോ പ്രൊജക്റ്റൈലുകളോ കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഡോ. ഉമറിന്‍റെ കൂട്ടാളികളിൽ നിന്നും 2,900 കിലോ സ്ഫോടകവസ്തുക്കൾ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. ഇതറിഞ്ഞ ഉമർ പരിഭ്രാന്തനായതായും നേരത്തെ സൂക്ഷിച്ചു വച്ചിരുന്ന സ്ഫോടകവസ്തുക്കൾ മറ്റു സ്ഥലത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിയുണ്ടായതായിരിക്കാമെന്ന് സംശയിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.