സ്കൂൾ ഒഴിവാക്കി കോച്ചിങ് സെന്‍ററുകളിൽ പോകുന്ന വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ല: രാജസ്ഥാൻ ഹൈക്കോടതി

 
India

സ്കൂൾ ഒഴിവാക്കി കോച്ചിങ് സെന്‍ററുകളിൽ പോകുന്ന വിദ്യാർഥികളെ പരീക്ഷ എഴുതിക്കില്ല: രാജസ്ഥാൻ ഹൈക്കോടതി

സ്കൂൾ സമയങ്ങളിൽ‌ മിന്നൽ പരിശോധന നടത്താനാണ് കോടതിയുടെ നിർദേശം.

ജയ്പൂർ: ക്ലാസിൽ കയറാതെ കോച്ചിങ് സെന്‍ററുകളിൽ പോകുന്ന വിദ്യാർഥികളെ ബോർഡ് പരീക്ഷകൾ എഴുതിക്കില്ലെന്ന് രാജസ്ഥാൻ ഹൈക്കോടതി. ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ സ്കൂൾ ഒഴിവാക്കി കോച്ചിങ് സെന്‍ററുകളിൽ പോകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഎസ്ഇ, ആർബിഎസ്ഇ (രാജസ്ഥാൻ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) എന്നീ ബോർഡുകൾക്കാണു നിർദേശം നൽകിയിരിക്കുന്നത്.

വിദ്യാർഥികൾ സ്കൂളുകളിൽ എത്തുന്നതിനു പകരം കോച്ചിങ് ക്ലാസുകളിൽ പോകുന്നുണ്ടോ എന്നു പരിശോധിക്കാൻ സ്കൂൾ സമയങ്ങളിൽ‌ മിന്നൽ പരിശോധന നടത്താനാണ് കോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ ദിനേശ് മേത്ത, അനൂപ് കുമാർ ദണ്ഡ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിദ്യാർഥികൾക്ക് സ്കൂളുകളിൽ ഹാജർ നിർബന്ധമാണെന്നും, ന്യായമായ കാരണങ്ങളില്ലാതെ ക്ലാസുകളിൽ ഹാജരാകാതിരുന്നാൽ വിദ്യാർഥികൾക്കും സ്കൂളുകൾക്കും ബന്ധപ്പെട്ട അധികാരികൾക്കുമെതിരേ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും കോടതി വ്യക്തമാക്കി.

എല്ലാ സ്കൂളുകളിലും കോച്ചിങ് സെന്‍ററുകളിലും മിന്നൽ പരിശോധനകൾ നടത്തുന്നതിനായി പ്രത്യേക സംഘങ്ങളെ ഉടൻ നിയമിക്കണമെന്നും ബോർഡുകളോട് കോടതി നിർദേശിച്ചിട്ടുണ്ട്.

അന്വേഷണ സമയത്ത് വിദ്യാർഥികൾ ഹാജരാകാതിരിക്കുകയും സ്കൂൾ സമയം വിദ്യാർഥികളെ കോച്ചിങ് സെന്‍ററുകളിൽ‌ കണ്ടെത്തുകയും ചെയ്താൽ, സ്കൂളുകളും കോച്ചിങ് സെന്‍ററുകളും ഉൾപ്പെടെവർക്കെതിരേ കർശന നടപടി സ്വീകരിക്കും.

വിദ്യാർഥികളെ സ്കൂളുകളിൽ നിന്ന് കോച്ചിങ് സെന്‍ററുകളിലേക്ക് മാറ്റുന്നത് വിദ്യാഭ്യാസ മേഖലയെ ഗുരുതരമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 13 കാരന് രോഗം സ്ഥിരീകരിച്ചു

വികസന നിർദേശങ്ങൾ നടപ്പാക്കാൻ 18 അംഗ സമിതിയെ പ്രഖ്യാപിച്ചു; ആഗോള അയ്യപ്പ സംഗമത്തിന് സമാപനം

24 മണിക്കൂറിനകം തിരികെ എത്തണം, യുഎസ് വിടരുത്; H1-B വിസക്കാരോട് ടെക് കമ്പനികൾ

വിശ്രമിക്കുന്നതിനിടെ തെങ്ങ് തലയിൽ വീണു; തൊഴിലുറപ്പ് തൊഴിലാളികൾക്ക് ദാരുണാന്ത്യം