ന്യൂഡൽഹി: സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരേ ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി. രാജ്യത്താകെ കേസുകൾ രജിസ്റ്റർ ചെയ്തതിനെതിരേ ഉദയ നിധി സ്റ്റാലിൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർദേശം.
വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തതിനു പിന്നാലെ അടുത്തിടെ ബിഹാറിലും പുതിയ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകൾ കൂടി ചൂണ്ടിക്കാട്ടിയാണ് ഉദയനിധി സുപ്രീംകോടതിയെ സമീപിച്ചത്. ഇനി കേസുകൾ കോൗടതിയുടെ അറിവില്ലാതെ രജിസ്റ്റർ ചെയ്യരുതെന്ന് കോടതി നിർദേശിച്ചു.
തന്‍റെ പരാമർശം ഒരു മതത്തിനും എതിരല്ലെന്നും തന്‍റെ പരാമർശം സമൂഹത്തിലെ അസമത്വം തുറന്നു കാട്ടാനായിരുന്നെന്നും ഉദയനിധി കോടതിയിൽ വാദിച്ചു. ഹർജി വീണ്ടും ഏപ്രിൽ 21 ന് കോടതി പരിഗണിക്കും. മലേറിയയേയും ഡങ്കുവിനേയും പോലെയാണ് സനാതന ധർമമെന്നായിരുന്നു ഉദയനിധിയുടെ വിവാദ പരാമർശം.