ഉമർ ഖാലിദ്
ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജെഎൻയു മുൻ വിദ്യാർഥി ഉമൻ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യാപേക്ഷയിൽ മറുപടി പറയാൻ സമയം ആവശ്യപ്പെട്ട ഡൽഹി പൊലീസിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. അഞ്ച് വർഷമായി പ്രതികൾ ജയിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി സമയം തന്നിട്ടും പൊലീസ് മറുപടി നൽകിയില്ലെന്ന് കുറ്റപ്പെടുത്തി.
തിങ്കളാഴ്ച കേസ് കേൾക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിട്ടും പൊലീസ് വീണ്ടും സമയം നീട്ടി ചോദിക്കുന്നത് ധിക്കാരമാണെന്ന് കോടതി പറഞ്ഞു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ പൊലീസിന്‍റെ മറുപടി കിട്ടണമെന്നും കോടതി വ്യക്തമാക്കി. അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവാണ് മറുപടി നൽകാൻ രണ്ടാഴ്ച സമയം വേണമെന്ന് ആവശ്യപ്പെട്ടത്.
ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഉമർ ഖാലിദ് അടക്കമുള്ളവർ സുപ്രീം കോടതിയെ സമീപിച്ചത്. ഉമർ ഖാലിദിന് പുറമേ ഷർജിൽ ഇമാം, ഗുൽഫിഷ ഫാത്തിമ, മീരൻ ഹൈദർ, മുഹമ്മദ് സലീം ഖാൻ, ഷിഫ ഉർ റഹ്മാൻ, അഥർ ഖാൻ, അബ്ദുൾ ഖാലിദ് സൈഫി, ഷാദാബ് അഹമ്മദ്, തസ്ലീം അഹമ്മദ് എന്നിവരുടെ ജാമ്യാപേക്ഷകളും ഹൈക്കോടതി തള്ളിയിരുന്നു.