ജന്തർ മന്തറിന് പകരം മറ്റൊരു വേദി വേണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കാൻ സുപ്രീം കോടതി

 
India

പ്രതിഷേധങ്ങൾക്ക് ജന്തർ മന്തറിന് പകരം മറ്റൊരു വേദി വേണമെന്ന പൊതുതാൽപര്യ ഹർജി പരിഗണിക്കും: സുപ്രീം കോടതി

കേന്ദ്ര സർക്കാരിനും മറ്റ് കക്ഷികൾക്കും കോടതി നോട്ടീസ് അയച്ചു

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിലെ ജന്തർ മന്തർ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാൻ ഇനി അനുയോജ്യമായ സ്ഥലമല്ലെന്നും അവിടെ നടക്കുന്ന സമരങ്ങൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടും അവശ്യസേവനങ്ങൾക്ക് തടസവും സൃഷ്ടിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി പരിഗണിക്കാൻ തീരുമാനിച്ചു. ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്ര സർക്കാരിനും മറ്റ് കക്ഷികൾക്കും നോട്ടീസ് അയച്ചു.

ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ ബന്ധപ്പെട്ട അധികാരികളിൽ നിന്ന് നിർദേശം തേടാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോടും കോടതി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്കായി മറ്റൊരു അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നാണ് ഹർജിക്കാരനായ സതീഷ് ചന്ദ് കൗശിക്കിന്‍റെ ആവശ്യം. ജന്തർ മന്തറിലെ പ്രതിഷേധങ്ങൾ പ്രദേശവാസികളുടെ യാത്രാ സൗകര്യത്തെയും മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യവസ്തുക്കളുടെ വിതരണത്തെയും ബാധിക്കുന്നുവെന്നാണ് ഹർജിയിലെ വാദം.

പ്രദേശത്തേക്കുള്ള പ്രവേശനവും പുറത്തേക്കുള്ള യാത്രയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഹർജിയിൽ ഉന്നയിച്ചിട്ടുണ്ടെന്നും ഇത് ഗൗരവമായി പരിശോധിക്കേണ്ട വിഷയമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. വാദത്തിനിടെ ഒരു രാഷ്ട്രീയ പാർട്ടി പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്താൻ പദ്ധതിയിടുന്നതായി ഹർജിക്കാരന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. എന്നാൽ അതിനെ കുറിച്ച് പ്രതികരിക്കാൻ കോടതി വിസമ്മതിച്ചു. "അത് കൈകാര്യം ചെയ്യാൻ അധികാരികൾക്കറിയാം. അവർക്ക് കഴിയുന്നില്ലെങ്കിൽ തെറ്റായ രീതിയിൽ കൈകാര്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടി ഞങ്ങളെ സമീപിക്കാം. അവർ അത് കൈകാര്യം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്," -ചീഫ് ജസ്റ്റിസ് പറഞ്ഞു.

"മുഖ്യമന്ത്രി ഭക്ഷണം കഴിക്കരുതെന്ന് അറിയില്ലായിരുന്നു"; വിരുന്ന് വിവാദത്തെ പരിഹസിച്ച് സതീശൻ

സ്ത്രീകൾക്ക് മാസം 2500 രൂപ വീതം നൽകുന്ന പദ്ധതി; രജിസ്ട്രേഷന് വൻ തിരക്ക്

ബാബറി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

അമെരിക്കയിൽ‌ പഠിച്ചത് സ്കോളർഷിപ്പും വിദ്യാഭ്യാസ വായ്പയും ഉപയോഗിച്ച്: അഭിജീത് ദിപ്കെ

ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ബോംബ് ഭീഷണി