ടാറ്റാനഗർ - എറണാകുളം എക്‌സ്പ്രസ് ട്രെയിനിലെ രണ്ട് കോച്ചുകൾക്ക് തീപിടിച്ചു; ഒരുമരണം
വിശാഖപട്ടണം: ടാറ്റാ നഗർ - എറണാകുളം എക്സ്പ്രസ് ട്രെയിനിന് തീപിടിച്ചു. രണ്ട് എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു. ബി 1, എം 2 കോച്ചുകളാണ് കത്തിയത്. ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചയാളുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.
കോച്ചുകളിൽ ഉണ്ടായിരുന്ന മറ്റ് 158 യാത്രക്കാരെ രക്ഷപ്പെടുത്തി. ട്രെയിൻ അനകാപള്ളി ജില്ലയിലെ യെലമഞ്ചലി സ്റ്റേഷന് സമീപം എത്തിയപ്പോഴാണ് തീപിടിത്തം ഉണ്ടായത്.
പുലർച്ചെയാണ് സംഭവം. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റുമാർ ഉടൻ തന്നെ ട്രെയിൻ നിർത്തി. റെയിൽവേ ഉദ്യോഗസ്ഥർ അഗ്നിശമന സേനയെ വിവരമറിയിച്ചു. കനത്ത പുക പടർന്നതോടെ യാത്രക്കാർ കോച്ചുകളിൽ നിന്ന് പുറത്തേക്ക് ഓടി. ഫയർ എഞ്ചിനുകൾ എത്തുന്നതിനുമുമ്പ്, രണ്ട് കോച്ചുകളും പൂർണമായും കത്തിനശിച്ചിരുന്നു.