‌അദ്വാനിയെ ന്യായീകരിച്ച് തരൂർ; വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ്

 
India

‌അദ്വാനിയെ ന്യായീകരിച്ച് തരൂർ; വ്യക്തിപരമായ അഭിപ്രായമെന്ന് കോൺഗ്രസ്

അദ്ദേഹത്തിന്‍റെ ജീവിതം മാതൃകാപരമാണെന്നും ആധുനിക ഇന്ത്യയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് മറക്കാനാകില്ലെന്നും തരൂർ കുറിച്ചു.

MV Desk

ന്യൂഡൽഹി: ബിജെപി നേതാവ് എൽ.കെ. അദ്വാനിയെ പ്രകീർത്തിച്ച് ശശി തരൂർ എംപി. അദ്വാനിക്ക് 98ാം ജന്മദിനം ആശംസിച്ചു കൊണ്ട് എക്സിലൂടെയാണ് തരൂർ അദ്ദേഹത്തെ പുകഴ്ത്തിയത്. അദ്വാനിക്കൊപ്പമുള്ള പഴയ ചിത്രവും പങ്കു വച്ചിട്ടുണ്ട്. അദ്വാനിയെ യഥാർഥ രാഷ്‌ട്ര തന്ത്രജ്ഞൻ എന്നാണ് തരൂർ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്‍റെ ജീവിതം മാതൃകാപരമാണെന്നും ആധുനിക ഇന്ത്യയുടെ ഗതി നിർണയിക്കുന്നതിൽ അദ്ദേഹത്തിന്‍റെ പങ്ക് മറക്കാനാകില്ലെന്നും തരൂർ കുറിച്ചു. പോസ്റ്റിനു കീഴെ നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തിയത്.

അയോധ്യയിൽ ബാബ്റി മസ്ജിദ് തകർക്കാൻ കാരണമായത് അദ്വാനിയുടെ രഥയാത്രയാണെന്ന് ചൂണ്ടിക്കാട്ടിയ അഭിഭാഷകനോട് അദ്വാനിയുടെ സേവനത്തെ ഒരു സംഭവത്തിലേക്ക് മാത്രം ചുരുക്കുന്നത് ശരിയല്ലെന്നാണ് തരൂർ മറുപടി നൽകിയത്. നെഹ്റുവിന്‍റെ സേവനം ചൈനയുടെ തിരിച്ചടി വച്ചു മാത്രമോ ഇന്ദിരയുടെ സേവനം അടിയന്തരാവസ്ഥ മാത്രം പരിഗണിച്ചോ വിലയിരുത്താൻ ആകില്ല. അതിനു സമാനമാണ് അദ്വാനിയെന്നും അദ്ദേഹം ന്യായീകരിച്ചു.

അതേ സമയം തരൂരിന്‍റേത് വ്യക്തിപരമായ അഭിപ്രായമാണെന്ന് കോൺഗ്രസ് പ്രതികരിച്ചു. അത്തരം അഭിപ്രായപ്രകടനങ്ങളിൽ നിന്ന് കോൺഗ്രസ് വിട്ടു നിൽക്കുന്നുവെന്നും ഒരു കോൺഗ്രസ് എംപി, വർക്കിങ് കമ്മിറ്റി അംഗം എന്നീ നിലകളിലുള്ളയാൾ വ്യക്തിപരമായ അഭിപ്രായം പ്രകടിപ്പിക്കുന്നത് കോൺഗ്രസിന്‍റെ മാത്രം പ്രത്യേകതയാണെന്നുമാണ് കോൺ‌ഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി വിഭാഗം ചെയർമാൻ പവൻ ഖേര പ്രതികരിച്ചത്.

സഞ്ജു ചെന്നൈയിലേക്ക്? വമ്പൻ താരക്കൈമാറ്റമെന്ന് സൂചന

അസിം മുനീറിന്‍റെ പദവി ഉയർത്തി പാക്കിസ്ഥാൻ; ഇനി സംയുക്ത സേനാ മേധാവി

ലാഭത്തിൽ 27 പൊതുമേഖലാ സ്ഥാപനങ്ങൾ

ഗുരുവായൂരപ്പനെ തൊഴുത് മുകേഷ് അംബാനി; 15 കോടി രൂപയുടെ ചെക്ക് കൈമാറി|Video

കേരളത്തിൽനിന്നുള്ള ടൂറിസ്റ്റ് ബസുകൾ കർണാടക, തമിഴ് നാട് സർവീസ് നിർത്തിവയ്ക്കുന്നു