കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ
ന്യൂഡൽഹി: വിദേശ സംഭാവനാ നിയന്ത്രണ ചട്ടവുമായി (എഫ്സിആർഎ) ബന്ധപ്പെട്ട് രാജ്യത്തു വലിയ വിവാദങ്ങൾ നടക്കുന്നതിനിടെ എഫ്സിആർഎ 2.0 പോർട്ടലും ഇലക്‌ട്രോണിക് - ഓവർസീസ് സിറ്റിസൺ ഒഫ് ഇന്ത്യ (e-OCI) കാർഡും പുറത്തിറക്കി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷാ. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി, ഇന്‍റലിജൻസ് ബ്യൂറോ ഡയറക്റ്റർ തുടങ്ങി നിരവധി മുതിർന്ന ഉദ്യോഗസ്ഥർ ചടങ്ങില്‍ പങ്കെടുത്തു.
ഈ രണ്ടു സംരംഭങ്ങളും പൗരന്മാരുടെ സൗകര്യങ്ങൾ വർധിപ്പിക്കുന്നതില്‍ ഏറെ ഗുണം ചെയ്യുമെന്ന് അമിത് ഷാ പറഞ്ഞു. എഫ്സിആർഎ പോർട്ടൽ വഴി സംഭാവനകൾ സ്വീകരിക്കുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് ഈ സംരംഭങ്ങള്‍ പരിഹാരമേകും. കുറഞ്ഞ ഗവണ്‍മെന്‍റ് ഇടപെടലുകളും പരമാവധി ഭരണനിര്‍വഹണവും എന്ന തത്വത്തിലൂന്നിയായിരിക്കും പ്രവർത്തിക്കുക. തെറ്റ് ചെയ്യുന്നവർക്കെതിരെ കർശന നിരീക്ഷണ സംവിധാനം നിലവിൽ വരുമെന്നും അതുവഴി രാജ്യം കൂടുതൽ സുരക്ഷിതമാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വിദേശ സംഭാവനാ നിയന്ത്രണ നിയമത്തിന് കീഴിലെ ചട്ടങ്ങൾ പാലിക്കുന്നത് ലളിതമാക്കാനും നിരീക്ഷണ- നിര്‍വഹണ സംവിധാനങ്ങൾ ശക്തിപ്പെടുത്താനുമാണ് ഈ പോർട്ടൽ. അപേക്ഷകൾ, പുതുക്കലുകൾ, വാർഷിക റിട്ടേണുകൾ, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന പ്രക്രിയകളും പൂർണമായും ഡിജിറ്റലാക്കി. നിലവിൽ രാജ്യത്തുടനീളം 14,500ഓളം സജീവ എഫ്സിആർഎ സംഘടനകൾ പ്രവർത്തിക്കുന്നു. ഓരോ വർഷവും ഏകദേശം 15,000 മുതൽ 20,000 വരെ അപേക്ഷകളും 17,000ത്തോളം വാർഷിക റിട്ടേണുകളും ലഭിക്കുന്നു. ഇത്രയും വിപുലമായ തോതില്‍ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ആധുനികവും സാങ്കേതികവിദ്യാ അധിഷ്ഠിതവും സുരക്ഷിതവുമായ സംവിധാനത്തിന്‍റെ ആവശ്യകത ദീർഘകാലമായി അനുഭവപ്പെട്ടിരുന്നു- അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ സഭകൾ അടക്കമുള്ളവർ എഫ്സിആർഎ ചട്ട ഭേദഗതിക്കെതിരേ ശക്തമായി രംഗത്തുള്ളപ്പോഴാണ് നിലപാടിൽ മാറ്റമില്ല എന്നു വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ പോർട്ടൽ പുറത്തിറക്കിയത്. എഫ്സിആർഎ മൂലം തെറ്റായ ലക്ഷ്യങ്ങളോടെ എത്തുന്ന വിദേശ സംഭാവനകള്‍ക്കു മേല്‍ നിരീക്ഷണം ശക്തമാകും. പുതിയ സംവിധാനം വരുന്നതോടെ രേഖകൾ നേരിട്ട് സമർപ്പിക്കുന്ന രീതി ഇല്ലാതാകും- അമിത് ഷാ പറഞ്ഞു.