കരൂരിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി വിജയ് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവ് കൈമാറുന്നു (ഫയൽ ചിത്രം)

 
India

കരൂർ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

തിങ്കളാഴ്ചയാണ് തമിഴ്നാട് സർക്കാരിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്

Sarath Nath MS

ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ നടന്ന ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാൻ മുഖ്യമന്ത്രി വിജയ് പുറപ്പെടുവിച്ച ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് തിങ്കളാഴ്ച ഉത്തരവ് റദ്ദാക്കിയത്. മുഖ്യമന്ത്രി വിജയ്‌ക്ക് കനത്ത തിരിച്ചടിയാണ് ഇക്കാര്യം.

സർക്കാർ വകുപ്പുകളിൽ കരുണാ നിയമനത്തിനായി ഇതിനകം കാത്തിരിക്കുന്ന നിരവധി അപേക്ഷകരെ അവഗണിച്ച് കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നേരിട്ട് നിയമനം നൽകുന്നത് ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന് ജസ്റ്റിസുമാരായ സി.വി. കാര്‍ത്തികേയന്‍, ആര്‍. ശക്തിവേല്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കരൂർ ദുരന്തബാധിതരുടെ ബന്ധുക്കൾക്ക് നിയമനം നൽകുന്നത് ഭരണഘടനയിലെ അനുച്ഛേദം 14, 16 എന്നിവ ഉറപ്പുനൽകുന്ന തുല്യതയുടെയും തുല്യ അവസരത്തിന്‍റെയും അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഭരണകൂടത്തിന്‍റെ എക്സിക്യൂട്ടീവ് അധികാരം ഭരണഘടനയുടെ പരിധിക്കുള്ളിൽ മാത്രമേ വിനിയോഗിക്കാവൂ എന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ വിജയ് നാരായൺ നിയമനം നൽകിയത് സർക്കാരിന്‍റെ നയപരമായ തീരുമാനമാണെന്ന് വാദിച്ചു. എന്നാൽ കരുണാനിയമനവുമായി ബന്ധപ്പെട്ട നിലവിലെ സർക്കാർ ഉത്തരവുകൾ പാലിക്കാതെയാണ് ഈ നിയമനങ്ങൾ നടത്തിയതെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു.

കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഇതുമായി ബന്ധപ്പെട്ട ഉത്തരവും പുറത്തിറക്കി. ഈ മാസം ആദ്യം കരൂരിൽ എത്തിയ മുഖ്യമന്ത്രി വിജയ് മരിച്ചവരുടെ കുടുംബങ്ങളിലെ അർഹരായ 32 പേർക്ക് സർക്കാർ ജോലിക്കുള്ള നിയമന ഉത്തരവുകൾ കൈമാറിയിരുന്നു. ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന നടപടിയെന്ന നിലയിലാണ് സർക്കാർ ഇത് നടപ്പാക്കിയത്.

എന്നാൽ സർക്കാർ ജോലി നൽകുന്ന തീരുമാനത്തിനെതിരേ പൊതുതാൽപര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. ഹർജി പരിഗണിച്ച മദ്രാസ് ഹൈക്കോടതി നേരത്തെ നിയമന ഉത്തരവുകൾ വിതരണം ചെയ്യാൻ അനുമതി നൽകിയിരുന്നെങ്കിലും, അവ കോടതിയുടെ അന്തിമ വിധിക്ക് വിധേയമായ താൽക്കാലിക നിയമനങ്ങളായിരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. തുടർന്ന് കേസ് വിശദമായി പരിഗണിച്ച കോടതി ഇപ്പോൾ സർക്കാർ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

2025 സെപ്റ്റംബറിൽ തമിഴക വെട്രി കഴകം സംഘടിപ്പിച്ച പൊതുയോഗത്തിനിടെയുണ്ടായ തിക്കിലും തിരക്കിലുമാണ് 41 പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തത്. സംഭവത്തിൽ രാജ്യവ്യാപകമായി പ്രതിഷേധവും രാഷ്ട്രീയ വിവാദവും ഉയർന്നിരുന്നു. പിന്നീട് സുപ്രീംകോടതി നിർദേശപ്രകാരം കേസ് സിബിഐക്ക് കൈമാറുകയും അന്വേഷണം തുടരുകയും ചെയ്യുകയായിരുന്നു.

മദ്രാസ് ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്‍റെ തീരുമാനം അസാധുവായിരിക്കുകയാണ്. എന്നാൽ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

'കർഫ്യൂ' മോഹൻദാസിനെതിരേ പൊലീസ് മേധാവിക്ക് പരാതി

കാർഗോ ഏരിയയിൽ പുക; ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിന് രാജ്കോട്ടിൽ അടിയന്തര ലാൻഡിങ്

അടിമാലിയിലെ മണ്ണിടിച്ചിൽ ദുരന്തം; ഓണത്തിന് മുൻപായി 10 ലക്ഷം വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി

ലഹരിക്കെതിരേ വിദ്യാർഥികൾക്കൊപ്പം സൂംബ ഡാൻസ്, പിന്നാലെ അറസ്റ്റ്; അധ്യാപികമാർക്ക് പിന്നിൽ വൻ ലഹരി മാഫിയ

കുണ്ടറയിൽ പൊലീസ് കസ്റ്റഡിലെടുത്ത് വിട്ടയച്ച യുവാവ് മരിച്ച സംഭവം; ഡിജിപിയോട് റിപ്പോർട്ട് തേടി ആഭ്യന്തര വകുപ്പ്