ബദരീനാഥ് ക്ഷേത്രം
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ സസ്പെൻഡ് ചെയ്യപ്പെട്ട ക്ഷേത്രം ജീവനക്കാരനെതിരെ കേസെടുത്തു. ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാന്‍റെ പ്രൈവറ്റ് സെക്രട്ടറിയായ പ്രമോദ് നൗട്ടിയാലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ക്രമക്കേടിൽ പങ്കുണ്ടെന്ന് നാലംഗ അന്വേഷണ കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്ന് നൗട്ടിയാലിനെ സസ്പെൻഡ് ചെയ്ത് മണിക്കൂറുകൾക്കകമാണ് പൊലീസിന്‍റെ നടപടി.
ഭാരതീയ ന്യായ സംഹിതയിലെ 306, 316 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് ബദരീനാഥ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് സർക്കാരും മൂന്നംഗ സമിതി രൂപവത്കരിച്ചിരുന്നു. ഗഡ്വാൾ ഡിവിഷൻ കമ്മിഷണറാണ് കമ്മിറ്റിയുടെ ചെയർപേഴ്സൺ. 15 ദിവസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.
അയോധ്യയിലെ രാമക്ഷേത്ര സംഭാവന കൊള്ളയ്ക്ക് പിന്നാലെയാണ് ബദരീനാഥ് ക്ഷേത്രത്തിലും സമാന ക്രമക്കേട് നടന്നുവെന്ന ആരോപണം ഉയർന്നത്. തുടർന്ന് ഭൈരവ് സേന എന്ന സംഘടന പരാതി നൽകുകയായിരുന്നു. രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നാണ് ഉത്തരാഖണ്ഡിലെ ചാർദാം തീർഥാടന കേന്ദ്രങ്ങളിൽ ഒന്നായ ബദരീനാഥ്. അയോധ്യയിലെ രാമക്ഷേത്രത്തിലെ സംഭാവന കൊള്ളയ്ക്ക് പിന്നാലെ ബദരീനാഥിലും സമാന ക്രമക്കേട് ഉയർന്നത് ദേശീയശ്രദ്ധയാകർഷിച്ചിട്ടുണ്ട്.