ത്രിഭാഷാ നയ ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യം
ന്യൂഡൽഹി: ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്ക് രണ്ട് ഇന്ത്യൻ മാതൃഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമാക്കിയ സിബിഎസ്ഇയുടെ പുതിയ നയം ചോദ്യം ചെയ്യുന്ന ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഹർജിക്കാർക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഹർജികൾ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരുടെ ബെഞ്ചിനോട് ആവശ്യപ്പെട്ടു.
പുതിയ അധ്യയന വർഷം ആരംഭിച്ച സാഹചര്യത്തിൽ വിദ്യാർഥികൾ അനിശ്ചിതത്വത്തിലാണെന്നും നയം നടപ്പാക്കാൻ ആവശ്യമായ അധ്യാപകരും പാഠപുസ്തകങ്ങളും ലഭ്യമല്ലെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഇതിന് മറുപടിയായി, "പരിഗണിക്കാം" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പ്രതികരണം.
മുൻപ് ഈ ഹർജികളിൽ കേന്ദ്ര സർക്കാർ, എൻസിഇആർടി, സിബിഎസ്ഇ എന്നിവരോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു. ജൂലൈ 29ന് ഹർജികൾ പരിഗണനയ്ക്കായി പട്ടികപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു.
അതേസമയം ത്രിഭാഷാ ചട്ടക്കൂട് ബഹുഭാഷാ പഠനവും ദേശീയ ഐക്യവും ശക്തിപ്പെടുത്തുന്നതിന് അനിവാര്യമാണെന്ന് കേന്ദ്ര സർക്കാരും സിബിഎസ്ഇയും എൻസിഇആർടിയും കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലങ്ങളിൽ വ്യക്തമാക്കി. ഹർജികൾ തള്ളണമെന്നാണ് ഇവർ ആവശ്യപ്പെട്ടിരിക്കുന്നത്.
ദേശീയ വിദ്യാഭ്യാസ നയവും ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടും പ്രകാരമാണ് പുതിയ മാറ്റം നടപ്പാക്കുന്നതെന്നാണ് സിബിഎസ്ഇ പറയുന്നത്. ഇതുപ്രകാരം ഓരോ ഭാഷാ പാഠപുസ്തകത്തിനും പുറമെ പ്രാദേശികമോ സംസ്ഥാനതലത്തിലോ തെരഞ്ഞെടുക്കുന്ന ചെറുകഥകൾ, കവിതകൾ, ലേഖനങ്ങൾ തുടങ്ങിയ സാഹിത്യസൃഷ്ടികളും പഠനത്തിന്‍റെ ഭാഗമായി ഉൾപ്പെടുത്തും. ഇതുസംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങൾ പിന്നീട് പുറത്തിറക്കുമെന്നും ബോർഡ് അറിയിച്ചു.