ഹൈദരാബാദ്: ഹൈന്ദവേതര ആചാരങ്ങൾ പിന്തുടരുന്നവരെന്നു കണ്ടെത്തിയ 18 ജീവനക്കാർക്കെതിരേ തിരുപ്പതി ക്ഷേത്രം അധികൃതർ നടപടിക്ക്. സ്വയം പിരിഞ്ഞുപോകുകയോ മറ്റു സർക്കാർ വകുപ്പുകളിലേക്കു മാറുകയോ ചെയ്യാൻ ഇവർക്ക് ക്ഷേത്രത്തിന്‍റെ ഭരണം നിർവഹിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) നിർദേശം നൽകി. ക്ഷേത്രത്തിൽ ഹിന്ദു ജീവനക്കാരെ മാത്രമേ അനുവദിക്കൂ എന്നും ഇവർ ഇതര മതവിഭാഗങ്ങളുടെ ആചാരങ്ങൾ പിന്തുടരുന്നതിനാലാണു നടപടിയെന്നും ടിടിഡി ചെയർമാൻ ബി.ആർ. നായിഡു അറിയിച്ചു.
നിലവിൽ ചെയ്തുകൊണ്ടിരിക്കുന്ന എല്ലാ ജോലികളിൽ നിന്നും ഇവരെ നീക്കിയതായി ടിടിഡി ബോർഡ്. ക്ഷേത്രത്തിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ഇവരെ വിലക്കി. ഹിന്ദു വിശ്വാസത്തിന്‍റെയും പവിത്രതയുടെയും പ്രതീകമായി തിരുമലയെ നിലനിർത്താൻ ബോർഡ് പ്രതിജ്ഞാബദ്ധമെന്നു നായിഡു. 1989ലെ എൻഡോവ്മെന്‍റ് നിയമപ്രകാരം ടിടിഡി ജീവനക്കാർ ഹിന്ദു ആചാരങ്ങൾ പാലിക്കാൻ നിർബന്ധിതരാണ്. ഇതു ലംഘിക്കപ്പെടുന്നതിൽ ബോർഡ് നേരത്തേ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴത്തെ തീരുമാനത്തിൽ ബിജെപി നേതാവും ടിടിഡി ബോർഡ് അംഗവുമായ ഭാനുപ്രകാശ് റെഡ്ഡി സന്തോഷം പ്രകടിപ്പിച്ചു.
ക്ഷേത്രത്തിൽ അഹിന്ദുക്കളായ നിരവധി ജീവനക്കാരുണ്ടെന്നും തിരുമലയിൽ മാംസാഹാരം ഉപയോഗിക്കുന്നുവെന്നും ഭക്തരിൽ നിന്ന് ആരോപണമുയർന്നിരുന്നു. ടിടിഡി ബോർഡ് നടത്തിയ അന്വേഷണത്തിൽ 69 ജീവനക്കാർ അഹിന്ദുക്കളെന്നും ഹൈന്ദവേതര വിശ്വാസം പ്രചരിപ്പിക്കുന്നുവെന്നും കണ്ടെത്തി. ടിടിഡി വനിതാ പോളിടെക്നിക് കോളെജ് പ്രിൻസിപ്പൽ, ശ്രീ വെങ്കടേശ്വര യൂനിവേഴ്സിറ്റി ആയുർവേദ കോളെജ് പ്രിൻസിപ്പൽ, ഹോസ്റ്റൽ വാർഡൻമാർ തുടങ്ങിയവർ ഇതേത്തുടർന്നു നടപടി നേരിട്ടിരുന്നു. വൈ.എസ്. ജഗൻമോഹൻ റെഡ്ഡിയുടെ ഭരണകാലത്താണ് ഇവർ നിയമിക്കപ്പെട്ടതെന്നാണ് ആരോപണം.