മഹുവാ മൊയ്ത്ര വിവാഹിതയായി; വരൻ ബിജെഡി നേതാവ്
ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊയ്ത്ര വിവാഹിതയായി. ബിജു ജനതാദൾ പാർട്ടി നേതാവ് പിനാകി മിശ്രയാണ് വരൻ. മേയ് 30ന് വിദേശത്തു വച്ച് വിവാഹം കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. പട്ടുസാരിയും സ്വർണാഭരണങ്ങളും അണിഞ്ഞ് 65കാരനായപിനാകി മിശ്രയോടൊപ്പം മഹുവ നടന്നു വരുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട്.
സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്ന മിശ്ര 1996ൽ പുരിയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ലോക്സഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് ബിജെഡിയിൽ ചേർന്നു. 2009 മുതൽ 2019 വരെ മൂന്നു ടേമുകളിൽ എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സംഭീത് പത്രയോട് പരാജയപ്പെട്ടു. മുൻ വിവാഹത്തിൽ മിശ്രയ്ക്ക് ഒരു മകനും മകളുമുണ്ട്.
ലാഴ്സ് ബ്രോഴ്സൺ ആണ് മഹുവയുടെ ആദ്യ ഭർത്താവ്. വിവാഹമോചിതയായതിനു ശേഷം മൂന്നു വർഷത്തോളം അഭിഭാഷകനായ ജയ് ആനന്ദ് ദേഹാദ്രൈയുമായി മഹുവ പ്രണയത്തിലായിരുന്നു. വിവാഹം കഴിഞ്ഞതായും ഇരു നേതാക്കളും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.