ഉന്നാവോ ബലാത്സംഗക്കേസ്; മുൻ ബിജെപി എംഎൽഎയ്ക്ക് ഇടക്കാല ജാമ‍്യം 
India

ഉന്നാവോ ബലാത്സംഗക്കേസ്; മുൻ ബിജെപി എംഎൽഎയ്ക്ക് ഇടക്കാല ജാമ‍്യം

മുൻപ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുൽദീപിന് ഇടക്കാല ജാമ‍്യം അനുവദിച്ചിരുന്നു

Aswin AM

ലഖ്നൗ: ഉന്നാവോ ബലാത്സംഗക്കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെൻഗറിന് ഇടക്കാല ജാമ‍്യം അനുവദിച്ച് ഹൈക്കോടതി. ഉത്തർപ്രദേശിലെ ഉന്നാവോയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് കുൽദീപ് സിങ് സെൻഗറിന് ജാമ‍്യം അനുവദിച്ചത്. ആരോഗ‍്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രണ്ടാഴ്ചത്തേക്ക് ഇടക്കാല ജാമ‍്യം.

കുൽദീപിനെ വൈദ‍്യ പരിശോധനയ്ക്കായി ഡൽഹിയിലെ എയിംസിലെത്തിച്ച് വിശദ പരിശോധന നടത്തിയ ശേഷം തുടരണോ അതോ മറ്റ് ആശുപത്രികളിലേക്ക് മാറ്റണോയെന്ന കാര‍്യം തിരുമാനിക്കണമെന്ന് ജസ്റ്റിസ് പ്രതിബ എം. സിങ്ങും ജസ്റ്റിസ് അമിത് ശർമയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

കുൽദീപിനെ എയിംസിൽ മൂന്ന്, നാല് ദിവസം നിരീക്ഷിക്കണം. അതിജീവിതയുടെ കുടുംബവുമായി ബന്ധപ്പെടരുത്. കുൽദീപിന്‍റെ നീക്കങ്ങൾ സിബിഐ ഉദ‍്യോഗസ്ഥർ കൃത‍്യമായി നിരീക്ഷിക്കണം എന്നിവയുൾപ്പടെയുള്ള വ‍്യവസ്ഥകളോടെയാണ് ഇടക്കാല ജാമ‍്യം അനുവദിച്ചിരിക്കുന്നത്.

2017ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപും സംഘവും പീഡിപ്പിച്ചുവെന്നായിരുന്നു കേസ്. ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയാണ് പീഡിപ്പിച്ചത്. 9 ദിവസത്തെ കൂട്ടബലാത്സംഗത്തിന് പെൺകുട്ടി ഇരയായി. പെൺകുട്ടിയെയും കുടുംബത്തെയും നിരവധി തവണ വകവരുത്താൻ കുൽദീപും കൂട്ടരും ശ്രമിച്ചെന്ന് പരാതിയുണ്ടായിരുന്നു. ഇതിനിടെ 2020ൽ പെൺകുട്ടിയുടെ പിതാവ് കസ്റ്റഡിയിൽ വച്ച് കൊല്ലപ്പെട്ടു.

ബലാത്സംഘക്കേസിൽ ജീവപര‍്യന്തം ശിക്ഷയാണ് കുൽദീപിന് കോടതി വിധിച്ചത്. ബലാത്സംഘത്തിനിരയായ പെൺകുട്ടിയുടെ പിതാവിന്‍റെ കസ്റ്റഡി മരണത്തെ തുടർന്ന് 10 വർഷത്തെ ജയിൽ ശിക്ഷയും കുൽദീപ് അനുഭവിക്കണം. തിമിരം പോലെയുള്ള അസുഖങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുൽദീപ് ജാമ‍്യത്തിന് അപേക്ഷിച്ചത്. മുൻപ് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ കുൽദീപിന് ഇടക്കാല ജാമ‍്യം അനുവദിച്ചിരുന്നു.

ബാറ്റിങ് ഓർഡറിലെ പരീക്ഷണങ്ങൾ ഫലിച്ചില്ല; രണ്ടാം ടി20യിൽ ഇന്ത‍്യക്ക് തോൽവി

ട്രംപുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി

ഒരോവറിൽ അർഷ്ദീപ് എറിഞ്ഞത് 7 വൈഡുകൾ; രോഷാകുലനായി ഗംഭീർ| Video

തദ്ദേശ തെരഞ്ഞെടുപ്പ്: രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി, എല്ലാ ജില്ലകളിലും 70 ശതമാനം പോളിങ്

ഒളിവുജീവിതം മതിയാക്കി വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പ്രവർത്തകർ വരവേറ്റത് പൂച്ചെണ്ടു നൽകി