കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി; ഏത് പാമ്പാണെന്ന് ചോദിച്ചപ്പോൾ ജീവനുള്ള പാമ്പിനെ പുറത്തെടുത്തു, വിഡിയോ വൈറൽ
മഥുര: കടിച്ച പാമ്പിനെ പോക്കറ്റിലിട്ട് ആശുപത്രിയിലെത്തി ചികിത്സ തേടിയ യുവാവിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. ഉത്തർപ്രദേശിലെ മഥുരയിൽ നിന്നുള്ള 39 വയസ്സുകാരനായ ദീപക്കാണ് പാമ്പ് കടിച്ചതിനു പിന്നാലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്.
ഇ- റിക്ഷാ ഡ്രൈവറായ ദീപക്കിന് തിങ്കളാഴ്ചയാണ് പാമ്പ് കടിയേറ്റത്. തുടർന്ന് ആന്‍റി-വെനം ഇൻജക്ഷൻ എടുക്കുന്നതിനായി ഇയാൾ ആശുപത്രിയിലെത്തി. തന്നെ കടിച്ച ഒന്നരയടി നീളമുള്ള പാമ്പിനെ ജാക്കറ്റിന്‍റെ പോക്കറ്റിലിട്ടാണ് ദീപക് എത്തിയത്. ഏത് പാമ്പാണ് കടിച്ചതെന്ന് ഡോക്‌ടർ ചോദിച്ചപ്പോൾ പോക്കറ്റിൽ നിന്ന് ജീവനുള്ള പാമ്പിനെ പുറത്തെടുത്ത് കാണിക്കുകയായിരുന്നു. തുടർന്ന് പാമ്പിനെ എടുത്ത് തിരികെ പോക്കറ്റിൽ തന്നെ വെച്ചു. വിഡിയോയിൽ ഇയാൾ പാമ്പിനെ എടുത്ത് കാണിക്കുന്നത് കാണാം.
പാമ്പ് മറ്റ് രോഗികളുടെ ജീവന് ഭീഷണിയാണെന്നും അതിനാൽ അതിനെ പുറത്ത് വിടണമെന്നും ചീഫ് മെഡിക്കൽ സൂപ്രണ്ട് നീരജ് അഗർവാൾ ആവശ്യപ്പെട്ടു. പിന്നീട് ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയും അവർ എത്തി പാമ്പിനെ അവിടെ നിന്ന് മാറ്റുകയും ചെയ്തു.