ജഗദീപ് ധൻകർ
ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിക്ക് കാരണം അനാരോഗ്യം മാത്രമല്ലെന്നു റിപ്പോർട്ട്. കേന്ദ്ര സർക്കാരുമായുള്ള 'ആരോഗ്യകരമായ ബന്ധത്തിൽ' വിള്ളൽ വീണതാണു ധൻകർ സ്ഥാനമൊഴിയുന്നതിലേക്കു നയിച്ചതെന്ന സൂചനകൾ പുറത്തുവന്നു. വർഷകാല സമ്മേളനത്തിന്‍റെ ആദ്യദിനമായ തിങ്കളാഴ്ച ഉച്ചവരെ സഭയിൽ പ്രസന്നവദനനായിരുന്ന ധൻകർ തുടർന്നുള്ള ഏതാനും മണിക്കൂറുകളുടെ ഇടവേളയിലാണ് രാജിക്കു തീരുമാനിച്ചതെന്നും കരുതുന്നു.
ധൻകറിന്‍റെ രാജി സർക്കാരും ആഗ്രഹിച്ചിരുന്നതായാണു വിലയിരുത്തപ്പെടുന്നത്. രാജി പ്രഖ്യാപിച്ചപ്പോൾ നിശബ്ദനായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 13 മണിക്കൂറുകൾക്കുശേഷം നടത്തിയ തണുത്ത പ്രതികരണം ഇതിന്‍റെ തെളിവായി വിലയിരുത്തപ്പെടുന്നു. എൻഡിഎ പക്ഷത്തു നിന്ന് ഇന്നലെ കാര്യമായ പ്രതികരണങ്ങൾ ഉണ്ടായതുമില്ല. എന്നാൽ, ധൻകർ ഭരണപക്ഷത്തോടു പക്ഷപാതിത്വം പുലർത്തുന്നുവെന്ന് ആരോപിച്ച് രാജ്യസഭാധ്യക്ഷനെതിരേ പ്രമേയം കൊണ്ടുവരാൻ നീക്കം നടത്തിയ പ്രതിപക്ഷം ഇന്നലെ അദ്ദേഹത്തെ പിന്തുണച്ചതും ശ്രദ്ധേയം.
അലഹാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയ്ക്കെതിരായ ഇംപീച്ച്മെന്‍റ് പ്രമേയമാണ് സർക്കാരും ധൻകറുമായുള്ള ബന്ധം വഷളാക്കിയതെന്നു പറയപ്പെടുന്നു. ജസ്റ്റിസ് വർമയ്ക്കെതിരേ ഭരണ- പ്രതിപക്ഷ എംപിമാരുടെ പിന്തുണയോടെ പ്രമേയം കൊണ്ടുവരാനായിരുന്നു സർക്കാരിന്‍റെ നീക്കം. എന്നാൽ, 63 പ്രതിപക്ഷ എംപിമാർ ഒപ്പുവച്ച ഇംപീച്ച്മെന് പ്രമേയ നോട്ടീസ് ലഭിച്ചതായി ധൻകർ തിങ്കളാഴ്ച രാജ്യസഭയിൽ അറിയിച്ചു. ഇതു നാളെ (ചൊവ്വ) ഉച്ചയ്ക്ക് ഒന്നിനു പരിഗണിക്കുമെന്നും പ്രഖ്യാപിച്ചു. ഇതു സർക്കാർ നീക്കത്തിനു തിരിച്ചടിയായെന്നു മാത്രമല്ല, നാണക്കേടുമുണ്ടാക്കി.
ഇതോടെ, സമാനമായ പ്രമേയത്തിനു നോട്ടീസ് നൽകാൻ മുതിർന്ന മന്ത്രിമാർ രാജ്യസഭയിലെ എൻഡിഎ എംപിമാരിൽ നിന്നു തിരക്കിട്ട് ഒപ്പുവാങ്ങി. പലരോടും എന്താണു കാര്യമെന്നു പോലും പറയാതെയാണ് ഒപ്പുവാങ്ങിയത്. ഈ പ്രശ്നത്തിലേക്കു വലിച്ചിഴച്ചത് ധൻകറിന്‍റെ നീക്കമാണെന്ന അലോസരം എൻഡിഎ നേതൃത്വത്തിനുണ്ടായിരുന്നു. മുതിർന്ന മന്ത്രിമാർ നേരിട്ട് ധൻകറെ വിളിച്ച് വിയോജിപ്പ് അറിയിച്ചെന്നു റിപ്പോർട്ടുണ്ട്.
2019ൽ പശ്ചിമ ബംഗാൾ ഗവർണറാകുന്നതിന് മുമ്പ് മുതിർന്ന അഭിഭാഷകനായിരുന്നു ധൻകർ. ജസ്റ്റിസ് വർമയുൾപ്പെട്ട വിവാദത്തിൽ ജുഡീഷ്യറിക്കെതിരേ പരസ്യമായി അദ്ദേഹം രംഗത്തെത്തുകയും ചെയ്തു. ഇംപീച്ച്മെന്‍റ് പ്രമേയം ലോക്സഭയിൽ ആദ്യം അവതരിപ്പിക്കുമെന്ന ഘട്ടത്തിലേക്കു കാര്യങ്ങൾ നീങ്ങിയപ്പോൾ താൻ അവഗണിക്കപ്പെട്ടതായി ധൻകറിനു തോന്നിയിരിക്കാമെന്നു നിരീക്ഷകർ പറയുന്നു.
ഇക്കാര്യത്തിലെ ഭിന്നത നിലനിൽക്കുന്നതിനിടെ വൈകിട്ട് നാലരയ്ക്ക് ചേർന്ന രാജ്യസഭാ കാര്യോപദേശക സമിതിയിൽ നിന്ന് സഭാധ്യക്ഷൻ കൂടിയായ മന്ത്രി ജെ.പി. നഡ്ഡയും പാർലമെന്‍ററികാര്യ മന്ത്രി കിരൺ റിജിജുവും വിട്ടുനിന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. ഉച്ചയ്ക്കു ചേർന്ന യോഗത്തിൽ ഇവർ പങ്കെടുത്തിരുന്നു. എന്നാൽ, അന്തിമ അജൻഡ തീരുമാനിക്കാൻ വൈകിട്ടു ചേർന്ന യോഗത്തിൽ എൽ. മുരുകനാണു സർക്കാരിനെ പ്രതിനിധാനം ചെയ്തു പങ്കെടുത്തത്. മുതിർന്ന നേതാക്കളില്ലാത്തതിനാൽ ഈ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. തന്നെ അപമാനിച്ചതായി തോന്നിയ ധൻകർ രാജിക്കു തീരുമാനിച്ചെന്നും സർക്കാർ മൗനസമ്മതം അറിയിച്ചെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.
എന്നാൽ, താൻ ചില ഔദ്യോഗിക തിരക്കുകളായിരുന്നെന്നും ഇക്കാര്യം രാജ്യസഭാ ചെയർമാന്‍റെ ഓഫിസിനെ അറിയിച്ചിരുന്നെന്നും നഡ്ഡ പറയുന്നു. അതേസമയം, ഉച്ചയ്ക്ക് ഒന്നരയ്ക്കും നാലരയ്ക്കും ഇടയിൽ ഗൗരവമുള്ള എന്തോ സംഭവിച്ചെന്ന് കോൺഗ്രസ് നേതാവും രാജ്യസഭാംഗവുമായ ജയ്റാം രമേഷ് ആരോപിച്ചു.
17ന് കുഴഞ്ഞുവീണു
ന്യൂഡൽഹി: അഞ്ചു ദിവസം മുൻപ് കുഴഞ്ഞുവീണതാണ് ഉപരാഷ്‌ട്രപതി ധൻകറുടെ അപ്രതീക്ഷിത രാജിക്കു കാരണമെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 17ന് ഭാര്യയ്ക്കും ഡൽഹി ലെഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേനയ്ക്കുമൊപ്പം ഉദ്യാനത്തിൽ നിൽക്കുമ്പോൾ പെട്ടെന്നു വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. അടുത്തിടെ എയിംസിൽ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നു ധൻകർ.