തമിഴ് വെട്രി കഴകം സംസ്ഥാന സമ്മേളന വേദിയിൽ വിജയ് 
India

'ഉയിർവണക്കം' ചൊല്ലി തുടക്കം; സമത്വ സന്ദേശവുമായി വിജയുടെ രാഷ്ട്രീയ നയപ്രഖ്യാപനം

പെരിയാറും അംബെദ്കറും കാമരാജും വഴികാട്ടികൾ, വിശ്വാസികളെ ചേർത്തുനിർത്തും, തമിഴ് വികാരത്തിൽ വിട്ടുവീഴ്ചയില്ല

ചെന്നൈ: സമത്വത്തിന്‍റെ ആഹ്വാനവുമായി തമിഴ് സൂപ്പർ താരം ഇളയ ദളപതി വിജയ് തന്‍റെ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിനു തുടക്കം കുറിച്ചു. ഉയിർവണക്കം ചൊല്ലി ഉദ്ഘാടന പ്രസംഗം ആരംഭിച്ച വിജയ്, ജനിച്ചവരെല്ലാം തുല്യരാണെന്നും വേദിയിൽ പ്രഖ്യാപിച്ചു. വർണവിവേചനത്തിനെതിരേ ശക്തമായ നടപടികളുണ്ടാകുമെന്ന് ഉറപ്പ് നൽകിയ അദ്ദേഹം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴ് വെട്രി കഴകം മത്സരത്തിനുണ്ടാകുമെന്നും പ്രഖ്യാപിച്ചു.

ദ്രാവിഡ പാർട്ടികളുടെ മുഖമുദ്രയായ നിരീശ്വരവാദം വിജയ് തന്‍റെ തമിഴക വെട്രി കഴകത്തിന്‍റെ നയത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. തന്‍റെ ഫാൻസ് അസോസിയേഷന്‍റെ അടിസ്ഥാനത്തിൽ രൂപീകരിച്ച പാർട്ടിയിൽ എല്ലാ വിഭാഗം വിശ്വാസികൾക്കും അവിശ്വാസികൾക്കും ഒരുപോലെ ഇടം നൽകുന്നു എന്ന സൂചനയാണ് വിജയ് പുറത്തുവിടുന്നത്.

തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബം എന്ന ഡിഎംകെയെ പരിഹസിക്കാനും അദ്ദേഹം മറന്നില്ല. ഒപ്പം, വർഗീയതയ്ക്കെതിരേ തന്‍റെ പാർട്ടി പോരാടുമെന്ന പ്രഖ്യാപനുമുണ്ടായി.

യുക്തിവാദത്തിന്‍റെ മാർഗം നിരാകരിക്കുകയാണെങ്കിലും, പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ അടക്കമുള്ളവരെ തന്‍റെ വഴികാട്ടികളായി വിജയ് വിശേഷിപ്പിച്ചു. ഡോ. ബി.ആർ. അംബേദ്കർ, കോൺഗ്രസ് നേതാവായിരുന്ന കെ. കാമരാജ് തുടങ്ങിയവരാണ് മറ്റുള്ളവർ.

അതേസമയം, തമിഴ് ദേശീയതാവാദികളെ കൂടി അടുപ്പിച്ചു നിർത്തുന്ന പ്രഖ്യാപനവും സമ്മേളനത്തിലുണ്ടായി. സർക്കാരിന്‍റെ ഔദ്യോഗിക ഭാഷയായും ആരാധനയ്ക്കുള്ള ഭാഷയായും തമിഴ് ഉപയോഗിക്കുമെന്നാണ് വാഗ്ദാനം. മധുരയിൽ സെക്രട്ടറേയിറ്റിന്‍റെ ബ്രാഞ്ച് തുടങ്ങും, വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലേക്കു മാറ്റാൻ സമ്മർദം ചെലുത്തും, ഗവർണർ പദവി ഒഴിവാക്കാൻ ശ്രമിക്കും, അഴിമതി നിർമാർജനം ചെയ്യും എന്നിങ്ങനെയാണ് മറ്റു പ്രധാന വാഗ്ദാനങ്ങൾ.

ജറുസലേമിൽ വെടിവയ്പ്പ്; 5 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരുക്ക്

'ജെൻ സി' പ്രക്ഷോഭം; നേപ്പാളിൽ 8 പേർ മരിച്ചു, നൂറ് കണക്കിന് പേർക്ക് പരുക്ക്|Video

ബിഹാർ വോട്ടർ പട്ടിക പരിഷ്ക്കരണം; ആധാർ പന്ത്രണ്ടാമത്തെ രേഖയായി ഉപയോഗിക്കാമെന്ന് സുപ്രീം കോടതി

ഫെയ്സ്ബുക്കും യൂട്യൂബും നിരോധിച്ച് നേപ്പാൾ; തെരുവിൽ 'ജെൻ സി' പ്രക്ഷോഭം|Video

''പഞ്ചാബ് കിങ്സിൽ പരിഗണന ലഭിച്ചില്ല, കുംബ്ലെക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു''; വെളിപ്പെടുത്തലുമായി ക്രിസ് ഗെയ്‌ൽ