elephant 
India

തീപ്പന്തം പുറത്തു തുളഞ്ഞുകയറി; പൊള്ളലേറ്റ കാട്ടാനയ്ക്ക് ദാരുണാന്ത്യം

മനഃസാക്ഷിയെ നടുക്കുന്ന ക്രൂരത പശ്ചിമ ബംഗാളിലെ ഝാർഗ്രാമിൽ

കോൽക്കത്ത: നാട്ടിലിറങ്ങിയ കാട്ടാനയ്ക്ക് ഗ്രാമവാസികൾ എറിഞ്ഞ തീപ്പന്തത്തിൽ നിന്നു പൊള്ളലേറ്റു ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ഝാർഗ്രാമിൽ കഴിഞ്ഞ 15നാണു നടുക്കുന്ന സംഭവം. കൊല്ലപ്പെട്ട കാട്ടാന ഗർഭിണിയെന്നു റിപ്പോർട്ടുണ്ട്. പുറത്ത് തുളച്ചുകയറിയ തീപ്പന്തവുമായി ആന നിലവിളിച്ച് ഓടുന്ന വിഡിയൊ ദൃശ്യങ്ങൾ പുറത്തുവന്നതോടെ രാജ്യമാകെ പ്രതിഷേധം രൂക്ഷമായി. തെക്കുപടിഞ്ഞാറൻ ബംഗാളിലെ ഝാർഗ്രാമിൽ കഴിഞ്ഞ ദിവസം വീടുകൾക്കു സമീപമെത്തിയ മൂന്നു കാട്ടാനകളിലൊന്നാണു ചരിഞ്ഞത്. പൊള്ളലേറ്റ ആനയെ കണ്ടെത്തിയ വനംവകുപ്പ് ചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല.

നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ വനംവകുപ്പ് ഗ്രാമവാസികളെ ചേർത്തു രൂപീകരിച്ച "ഹുല സംഘമാണ്' ഇരുമ്പു ദണ്ഡുകൊണ്ട് തീപ്പന്തമുണ്ടാക്കി ആനയെ എറിഞ്ഞത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കിയും വാദ്യോപകരണങ്ങൾ ഉപയോഗിച്ചും വന്യമൃഗങ്ങളെ തുരത്താനാണു ഹുല സംഘം രൂപീകരിച്ചത്. എന്നാൽ, ഇവർ കൂർത്ത ഇരുമ്പു ദണ്ഡുകൾ ഉപയോഗിച്ച് പന്തം ഉണ്ടാക്കി ആനകൾക്കെതിരേ ഉപയോഗിക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇത്തരത്തിലുള്ള ആക്രമണമാണ് കഴിഞ്ഞദിവസമുണ്ടായത്. ഝാർഗ്രാമിൽ നാട്ടിലിറങ്ങിയ ഇതേ ആനക്കൂട്ടത്തിലെ കൊമ്പന്‍ കഴിഞ്ഞ ദിവസം ഒരാളെ കൊലപ്പെടുത്തിയിരുന്നു. ആനയ്ക്കെതിരായ ആക്രമണത്തിൽ അന്വേഷണം നടത്തുമെന്നു പശ്ചിമ ബംഗാൾ വനംവകുപ്പ് പ്രതികരിച്ചു.

ഇത്തരം തീപ്പന്തങ്ങളുടെ ഉപയോഗം 2018ൽ സുപ്രീം കോടതി വിലക്കിയിരുന്നു. എന്നാൽ, ഇപ്പോഴും ഇവ വന്യമൃഗങ്ങൾക്കെതിരേ ഉപയോഗിക്കപ്പെടുന്നുവെന്ന് പരിസ്ഥിതി സംരക്ഷകർ പറയുന്നു. 2021ൽ തമിഴ്നാട്ടിലെ നീലഗിരിയിൽ കാട്ടാനയുടെ ശരീരത്തിലേക്ക് ഒരാൾ കത്തിച്ച ടയർ എറിഞ്ഞിരുന്നു. പുറത്ത് തീയുമായി ഓടുന്ന ആനയുടെ ദൃശ്യം അന്ന് വലിയ നടുക്കത്തിനും പ്രതിഷേധത്തിനുമിടയാക്കിയിരുന്നു.

അടിച്ചുകേറി വിലക്കയറ്റം, സഭയിലെ 'ഓണം മൂഡ്'...

തമിഴ് ഹാസ്യ നടൻ റോബോ ശങ്കർ അന്തരിച്ചു

''സൈബർ ആക്രമണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും''; വൈപ്പിൻ എംഎൽഎ

പക്ഷിയിടിച്ചു; എയർഇന്ത്യ വിമാനത്തിന് വിശാഖപട്ടണത്ത് അടിയന്തര ലാൻഡിങ്

ഹിൻഡൻബെർഗ് ആരോപണം: അദാനിക്ക് സെബിയുടെ ക്ലീൻചിറ്റ്