രാഹുൽ ഗാന്ധി 

file image

India

"വിഷലിപ്തമായ ആക്രമണം"; രാഹുൽ ഗാന്ധിക്കെതിരേ തുറന്ന കത്തുമായി 272 പ്രമുഖർ

തെരഞ്ഞെടുപ്പ് കമ്മിഷനിൽ മുകളിൽ മുതൽ താഴെ വരെയുള്ള ഈ പ്രവൃത്തികളിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നാണു മറ്റൊരു ഭീഷണി.

MV Desk

തെരഞ്ഞെടുപ്പു കമ്മിഷനെതിരേ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന വിമർശനങ്ങൾക്കും പ്രചാരണങ്ങൾക്കുമെതിരേ 272 പൗര പ്രമുഖരുടെ തുറന്ന കത്ത്. കോൺഗ്രസിന്‍റെയോ രാഹുൽ ഗാന്ധിയുടെയോ പേരെടുത്തു പറയുന്നില്ലെങ്കിലും തെരഞ്ഞെടുപ്പു കമ്മിഷൻ പോലെയുള്ള ഭരണഘടനാ സംവിധാനങ്ങൾ, ജുഡീഷ്യറി, സൈന്യം, പാർലമെന്‍റ് തുടങ്ങിയവയ്ക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്കെതിരേയാണ് രണ്ടു പേജുള്ള കത്തിലെ രൂക്ഷ വിമർശനം.

സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാർ, വിരമിച്ച ഉദ്യോഗസ്ഥർ, മുൻ അംബാസഡർമാർ, മുൻ ഐപിഎസ്- ഐഎഎസ് ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ 272 പ്രമുഖർ കത്തിൽ ഒപ്പുവച്ചു.

സുപ്രീം കോടതി മുൻ ജഡ്ജിമാരായ ജസ്റ്റിസ് ആദർശ് കുമാർ ഗോയൽ, ജസ്റ്റിസ് ഹേമന്ത് ഗുപ്ത, ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എസ്.എൻ. ധിംഗ്ര അടക്കം 16 മുൻ ജഡ്ജിമാരും വിരമിച്ച 133 സൈനിക ഉദ്യോഗസ്ഥരും റോ മുൻ മേധാവി സഞ്ജീവ് ത്രിപാഠി, ഝാർഖണ്ഡ് മുൻ ഡിജിപി നിർമൽ കൗർ അടക്കം വിരമിച്ച 123 ഉദ്യോഗസ്ഥരും അടക്കമുള്ളവരാണു ഭരണഘടനാ സ്ഥാപനങ്ങളെ സംരക്ഷിക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങേണ്ട സമയമാണിതെന്ന് ഓർമിപ്പിക്കുന്നത്.

കത്തിന്‍റെ പൂർണരൂപം ചുവടെ:

"ഇന്ത്യൻ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്ന ഗുരുതരമായ ആശങ്ക സിവിൽ സമൂഹത്തിലെ മുതിർന്ന പൗരന്മാരായ ഞങ്ങൾ ഇവിടെ രേഖപ്പെടുത്തുന്നു. സൈനിക ശക്തികൊണ്ടല്ല, മറിച്ച് അതിന്‍റെ ജനാധിപത്യത്തിന്‍റെ അടിസ്ഥാന സ്ഥാപനങ്ങൾക്കെതിരേ നിരന്തരമുന്നയിക്കുന്ന വിഷലിപ്തമായ വാചാടോപങ്ങളിലൂടെയാണു ജനാധിപത്യ സ്ഥാപനങ്ങൾ ആക്രമിക്കപ്പെടുന്നത്. ചില രാഷ്‌ട്രീയ നേതാക്കൾ ശരിയായ, നയപരമായ ബദലുകൾ നിർദേശിക്കുന്നതിനു പകരം തങ്ങളുടെ നാടകീയമായ രാഷ്‌ട്രീയ തന്ത്രങ്ങളുടെ ഭാഗമായി പ്രകോപനമുണ്ടാക്കുന്നതും അടിസ്ഥാനരഹിതവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. സായുധ സേനയുടെ വീര്യത്തെയും നേട്ടങ്ങളെയും ചോദ്യം ചെയ്ത് അവരെ കളങ്കപ്പെടുത്താനായിരുന്നു ആദ്യ ശ്രമം. നീതിന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതയെ ഇകഴ്ത്താനായി അടുത്ത നീക്കം. ഇപ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സമഗ്രതയ്ക്കും സൽപ്പേരിനും നേരെ വ്യവസ്ഥാപിതവും ആസൂത്രിതവുമായ ആക്രമണങ്ങൾ നടത്തുകയാണ്.

ലോക്‌സഭാ പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് കമ്മിഷനെ ആവർത്തിച്ച് ആക്രമിക്കുന്നു. വോട്ട് മോഷണത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉൾപ്പെട്ടിട്ടുണ്ടെന്നതിനു തന്‍റെ പക്കൽ വ്യക്തമായ തെളിവുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. തന്‍റെ പക്കലുള്ളത് ഒരു അണു ബോംബാണെന്നും, അത് പൊട്ടിത്തെറിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മിഷന് ഒളിക്കാൻ ഇടമില്ലാതാകുമെന്നുമുള്ള അവിശ്വസനീയമായ മോശം പരാമർശങ്ങളും അദ്ദേഹത്തിൽ നിന്നുണ്ടായി. തെരഞ്ഞെടുപ്പ് കമ്മിഷനിൽ മുകളിൽ മുതൽ താഴെ വരെയുള്ള ഈ പ്രവൃത്തികളിൽ ഉൾപ്പെട്ട ആരെയും വെറുതെ വിടില്ലെന്നാണു മറ്റൊരു ഭീഷണി.

അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ, തെരഞ്ഞെടുപ്പ് കമ്മിഷൻ ചെയ്യുന്നതെല്ലാം രാജ്യദ്രോഹപരമായ കാര്യങ്ങളാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറോ/കമ്മിഷണർമാരോ വിരമിച്ചാൽ, താൻ അവരെ വേട്ടയാടുമെന്നു പരസ്യമായി ഭീഷണിപ്പെടുത്തുന്നു. ഇത്രയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും, അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചതിന്‍റെയും പൊതുസേവകരെ തങ്ങളുടെ കർത്തവ്യങ്ങൾ നിർവഹിക്കുന്നതിൽ നിന്ന് ഭീഷണിപ്പെടുത്തിയതിന്‍റെയും ഉത്തരവാദിത്തത്വൽ നിന്ന് രക്ഷപെടാൻ, സത്യവാങ്മൂലത്തോടുകൂടിയ ഔദ്യോഗിക പരാതി അദ്ദേഹം ഇതുവരെ നൽകിയില്ല.

കൂടാതെ, കോൺഗ്രസിലെയും മറ്റ് രാഷ്‌ട്രീയ പാർട്ടികളിലെയും നിരവധി മുതിർന്ന നേതാക്കൾ, ഇടതുപക്ഷ എൻ‌ജി‌ഒകൾ, പ്രത്യയശാസ്ത്രപരമായ അഭിപ്രായങ്ങളുള്ള പണ്ഡിതന്മാർ, മറ്റ് മേഖലകളിലെ ശ്രദ്ധാകേന്ദ്രങ്ങൾ എന്നിവരും സമാനമായ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി, കമ്മിഷൻ ബി‌ജെ‌പിയുടെ "ബി-ടീമായി' പ്രവർത്തിച്ച് പൂർണമായ നാണക്കേടിലേക്ക് കൂപ്പുകുത്തിയെന്നാണ് ഇവരുടെ പ്രഖ്യാപനം. ഇത്തരം തീവ്രമായ വാചാടോപങ്ങൾ വൈകാരികമായി ശക്തമായിരിക്കാമെങ്കിലും, സൂക്ഷ്മപരിശോധനയിൽ അവ തകർന്നടിയും. കാരണം, വോട്ടർപട്ടിക തയാറാക്കുന്നതെങ്ങനെയെന്നു തെരഞ്ഞെടുപ്പു കമ്മിഷൻ പരസ്യമായി പങ്കുവച്ചിട്ടുണ്ട്. കോടതി അംഗീകരിച്ച മാർഗങ്ങളിലൂടെ പരിശോധനയ്ക്ക് മേൽനോട്ടം വഹിക്കുകയും, അയോഗ്യതയുള്ളവരെ നിയമപരമായ രീതിയിൽ നീക്കം ചെയ്യുകയും, പുതിയ യോഗ്യരായ വോട്ടർമാരെ ചേർക്കുകയും ചെയ്തിട്ടുണ്ട്. രാഷ്‌ട്രീയമായ നിരാശ മറയ്ക്കാൻ സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുകയാണെന്ന് ഈ ശ്രമങ്ങൾ വ്യക്തമാക്കുന്നു.

കഴിവില്ലായ്മ മറയ്ക്കാനുള്ള കോപമാണിത്. ആവർത്തിച്ചുള്ള തെരഞ്ഞെടുപ്പ് പരാജയത്തെ മറികടക്കണമെങ്കിൽ ജനങ്ങളുമായി വീണ്ടും അടുപ്പമുണ്ടാക്കാൻ കൃത്യമായ പദ്ധതികൾ വേണം. അതില്ലാത്തതിനാൽ ജനിക്കുന്ന കടുത്ത ദേഷ്യമാണ് ഇപ്പോൾ കാണുന്നത്. സാധാരണ പൗരന്മാരുടെ അഭിലാഷങ്ങളിൽ രാഷ്‌ട്രീയ നേതാക്കൾ നിന്ന് അകന്നുപോകുമ്പോൾ, വിശ്വാസ്യത തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നതിനു പകരം സ്ഥാപനങ്ങൾക്കെതിരേ തിരിയുന്നു. വിശകലനത്തിന് പകരം നാടകീയത കടന്നുവരുന്നു. പൊതുസേവനത്തിന് പകരം പൊതുപ്രദർശനം സ്ഥാനം പിടിക്കുന്നു.

ഇക്കാര്യത്തിൽ വിരോധാഭാസം വ്യക്തമാണ്. പ്രതിപക്ഷ പാർട്ടികൾ സർക്കാരുകൾ രൂപീകരിക്കുന്ന ചില സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് ഫലം അനുകൂലമാകുമ്പോൾ, തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ വിമർശനങ്ങൾ അപ്രത്യക്ഷമാകുന്നു. ചില സംസ്ഥാനങ്ങളിൽ ഫലം പ്രതികൂലമാകുമ്പോൾ, ഓരോ വിവരണങ്ങളിലും കമ്മിഷൻ വില്ലനായി മാറുന്നു. ബോധ്യത്തെയല്ല, അവസരവാദത്തെയാണ് ഈ സമീപനം തുറന്നുകാട്ടുന്നത്. ഇത് സൗകര്യപ്രദമായ ഒരു വഴിതിരിച്ചുവിടലാണ്. തന്ത്രപരമായ വീഴ്ച കൊണ്ടല്ല, ഗൂഢാലോചന മൂലമാണു തോൽവി നേരിട്ടതെന്ന ധാരണ പരത്താനാണ് ഇവിടെ ശ്രമം.

ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്നത് നമ്മുടെ സ്ഥാപക തലമുറ നിർമിച്ച സ്ഥാപനങ്ങളിലാണ്. അവർ ഏറ്റവും ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും തത്ത്വത്തിലും അച്ചടക്കത്തിലും അധിഷ്ഠിതമായ രാഷ്‌ട്രീയം പിന്തുടർന്നു. ചോദ്യം ചെയ്യാൻ എല്ലാ കാരണങ്ങളുമുണ്ടായിരുന്നപ്പോഴും അവർ ജനാധിപത്യ ഘടനകളുടെ പവിത്രതയെ പ്രതിരോധിച്ചു. അവർ ഭരണഘടനാപരമായ അടിത്തറയെ ദുർബലപ്പെടുത്താനല്ല, മറിച്ച് ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്.

ഇന്ന്, തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് ചിന്തിക്കുമ്പോൾ, ടി.എൻ. ശേഷൻ, എൻ. ഗോപാലസ്വാമി എന്നിവരെപ്പോലുള്ളവരെയും രാജ്യം ഓർമിക്കുന്നു. അവരുടെ വിട്ടുവീഴ്ചയില്ലാത്ത നേതൃത്വം തെരഞ്ഞെടുപ്പ് കമ്മിഷനെ ഒരു ശക്തമായ ഭരണഘടനാ കാവൽക്കാരനാക്കി മാറ്റി. അവർ ജനപ്രീതിക്ക് പിന്നാലെ പോയില്ല. അവർ വാർത്താ തലക്കെട്ടുകൾക്കായി ഓടിയില്ല. അവർ ഭയമില്ലാതെ, നിഷ്പക്ഷമായി, നിരന്തരം നിയമങ്ങൾ നടപ്പാക്കി. അവരുടെ കീഴിൽ, കമ്മിഷന് ധാർമികവും സ്ഥാപനപരവുമായ ശക്തി ലഭിച്ചു. അതൊരു കാഴ്ചക്കാരനല്ല, കാവൽക്കാരനായി. അവർ ഇന്ത്യയിലെ ജനങ്ങളോടാണ് ഉത്തരം പറയാൻ ബാധ്യസ്ഥരായിരുന്നത്, രാഷ്‌ട്രീയ പാർട്ടികളുടെ കുതന്ത്രങ്ങളോടായിരുന്നില്ല.

ഇപ്പോൾ സിവിൽ സമൂഹവും രാജ്യത്തെ പൗരന്മാരും തെരഞ്ഞെടുപ്പ് കമ്മിഷനോടൊപ്പം ഉറച്ചുനിൽക്കേണ്ട സമയമാണ്. സ്തുതിപാഠം കൊണ്ടല്ല, ബോധ്യം കൊണ്ടാണ് ഇത് വേണ്ടത്. അടിസ്ഥാനരഹിതമായ ആരോപണങ്ങളും നാടകീയമായ ആക്ഷേപങ്ങളും ഉന്നയിച്ച് ഈ സുപ്രധാന സ്ഥാപനത്തെ ദുർബലപ്പെടുത്തുന്നത് നിർത്താൻ സമൂഹം രാഷ്‌ട്രീയ പ്രവർത്തകരോട് ആവശ്യപ്പെടണം. പകരം, അവർ പൊതുജനങ്ങൾക്ക് ഗൗരവമേറിയ നയപരമായ ബദലുകൾ, അർത്ഥവത്തായ പരിഷ്കരണ ആശയങ്ങൾ, യാഥാർഥ്യത്തിൽ അധിഷ്ഠിതമായ ഒരു ദേശീയ കാഴ്ചപ്പാട് എന്നിവ വാഗ്ദാനം ചെയ്യണം.

എങ്കിലും, കേവലം ചർച്ചകൾക്കപ്പുറം ഒരു അടിയന്തരമായ നിലനിൽപ്പിന്‍റെ ചോദ്യം ഉയരുന്നു: നമ്മുടെ വോട്ടർപട്ടികയിൽ ആർക്കാണ് സ്ഥാനം ലഭിക്കേണ്ടത്? വ്യാജ വോട്ടർമാർ, നിയമപരമായ പൗരത്വമില്ലാത്തവർ, ഇന്ത്യയുടെ ഭാവിയിൽ നിയമപരമായ പങ്കാളിത്തമില്ലാത്ത വ്യക്തികൾ എന്നിവർക്ക് തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ഇടമുണ്ടാകരുത്. അവരെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ അനുവദിക്കുന്നത് രാജ്യത്തിന്‍റെ പരമാധികാരത്തിനും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയാണ്.

ലോകമെമ്പാടും, ജനാധിപത്യ രാജ്യങ്ങൾ അനധികൃത കുടിയേറ്റത്തെ കർശനമായി കൈകാര്യം ചെയ്യുന്നു. യുഎസ് അനധികൃതമായി പ്രവേശിക്കുന്നവരെ കർശനമായി തടങ്കലിൽ വയ്ക്കുകയും നാടുകടത്തുകയും വോട്ടുചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുന്നു. യുകെ ക്രമരഹിതമായി താമസിക്കുന്നവർക്ക് പൗരാവകാശങ്ങളിൽ സ്ഥിരമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ഓസ്‌ട്രേലിയ കർശനമായ തടങ്കൽ നടപ്പാക്കുന്നു. ജപ്പാനും ദക്ഷിണ കൊറിയയും കർശനമായ പരിശോധനയും വേഗത്തിലുള്ള നാടുകടത്തൽ പ്രക്രിയകളും നിലനിർത്തുന്നു. യൂറോപ്പിൽ പോലും, ജർമനി, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ നിയമം നടപ്പാക്കുന്നത് കർശനമാക്കിയിട്ടുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുമ്പോൾ പൗരത്വം പ്രധാനമാണെന്ന് അവർ വാദിക്കുന്നു. മറ്റു രാജ്യങ്ങൾ തങ്ങളുടെ സംസ്ഥാനങ്ങളുടെ തെരഞ്ഞെടുപ്പ് സമഗ്രത ഇത്രയും ദൃഢമായി കാത്തുസൂക്ഷിക്കുന്നുവെങ്കിൽ, ഇന്ത്യയും തുല്യമായി സജീവമാകണം. നമ്മുടെ തെരഞ്ഞെടുപ്പ് പട്ടികയുടെ പവിത്രത ഒരു പാർട്ടി വിഷയമല്ല, അതൊരു ദേശീയ അനിവാര്യതയാണ്.

സുതാര്യതയുടെയും കൃത്യതയുടെയും പാത തുടരാൻ ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെടുന്നു. പൂർണമായ ഡേറ്റ പ്രസിദ്ധീകരിക്കുക, ആവശ്യമുള്ളപ്പോൾ നിയമപരമായ മാർഗങ്ങളിലൂടെ സ്വയം പ്രതിരോധിക്കുക, ഇരവാദമായി വേഷംമാറി വരുന്ന രാഷ്‌ട്രീയം തള്ളിക്കളയുക. അടിസ്ഥാനരഹിതമായ ആരോപണങ്ങളിലൂടെയല്ലാതെ നയരൂപീകരണത്തിലൂടെ മത്സരിക്കാനും ജനാധിപത്യ വിധികളെ മാന്യതയോടെ അംഗീകരിക്കാനും ഞങ്ങൾ രാഷ്‌ട്രീയ നേതാക്കളോട് ആവശ്യപ്പെടുന്നു.

ഇന്ത്യൻ സായുധ സേനയിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും, കാര്യനിർവഹണ വിഭാഗത്തിലും, പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് കമ്മിഷനിലും, അതിന്‍റെ സമഗ്രതയിലും, ജനാധിപത്യത്തിന്‍റെ കാവൽക്കാരനായുള്ള അതിന്‍റെ പങ്കിലും സിവിൽ സമൂഹം തങ്ങളുടെ അചഞ്ചലമായ വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ്. ഇന്ത്യയുടെ സ്ഥാപനങ്ങളെ രാഷ്‌ട്രീയ പഞ്ചിങ് ബാഗുകളാക്കി ചുരുക്കരുത്. ഇന്ത്യൻ ജനാധിപത്യം പ്രതിരോധശേഷിയുള്ളതാണ്. ജനങ്ങൾ വിവേകികളുമാണ്. നാടകങ്ങളിലല്ല, സത്യത്തിൽ വേരൂന്നിയ നേതൃത്വം ഉണ്ടാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആക്ഷേപഹാസ്യങ്ങളിലല്ല, ആശയങ്ങളിലാണ് നാം വേരൂന്നിയിരിക്കുന്നത്; സേവനത്തിലാണ്, കാഴ്ചകളിലല്ല.

ബില്ലിൽ തീരുമാനമെടുക്കാൻ സമയപരിധി; രാഷ്‌ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി വിധി വ്യാഴാഴ്ച

ഇന്ത്യയുമായുള്ള യുദ്ധസാധ്യത തള്ളിക്കളയാനാകില്ലെന്ന് പാക്കിസ്ഥാൻ പ്രതിരോധ മന്ത്രി

ബിഹാറിൽ വ്യാഴാഴ്ച സത്യപ്രതിജ്ഞ; നിതീഷിനൊപ്പം 22 മന്ത്രിമാർ അധികാരത്തിലേറും

എസ്ഐആർ: ബംഗാളിൽ നിന്ന് അനധികൃത കുടിയേറ്റക്കാർ മടങ്ങുന്നു

വൻ തിരക്കിൽ അയ്യനെ കാണാതെ മടങ്ങാൻ തീർഥാടക സംഘം; ദർശന സൗകര്യമൊരുക്കി പൊലീസ്