എസി‌പി ആശിഷ് റാവത്ത് |മർദിക്കുന്ന ദൃശ്യങ്ങൾ

 
India

ശിവഗംഗ കസ്റ്റഡി മരണം: കേസ് അന്വേഷിച്ച എസി‌പിക്ക് പോസ്റ്റിങ് ഇല്ലാതെ സ്ഥലംമാറ്റം; യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് | Video

ഡിഎസ്പിക്ക് സസ്‌പെന്‍ഷന്‍; കേസ് സിബി-സിഐഡിക്ക് കൈമാറി

Ardra Gopakumar

ചെന്നൈ: തമിഴ്നാട്ടിൽ ശിവഗംഗയിൽ യുവാവിന്‍റെ കസ്റ്റഡി മരണത്തിൽ 5 പൊലീസുകാർ അറസ്റ്റിലായതിനു പിന്നാലെ കേസ് സിബി-സിഐഡിക്ക് കൈമാറാൻ ഡിജിപി ശങ്കർ ജിവാൾ ഉത്തരവിട്ടു. കേസ് അന്വേഷിച്ച ശിവഗംഗ എസി‌പി ആശിഷ് റാവത്തിനെ പുതിയ പോസ്റ്റിങ് നൽകാതെ സ്ഥലം മാറ്റി. മറ്റ് ചുമതലകൾ നൽകാതെയുള്ള 'നിർബന്ധിത കാത്തിരിപ്പിനാണ്' തമിഴ്നാട് സർക്കാർ ചൊവ്വാഴ്ച (July 1) ഉത്തരവിട്ടത്. രാമനാഥപുരം എസ്പി ജി. ചന്ദീഷിന് ശിവഗംഗ ജില്ലയുടെ അധിക ചുമതല നൽകി. കൂടാതെ, കേസന്വേഷണ ചുമതലുണ്ടായിരുന്ന മാനാമദുരൈ ഡിഎസ്പി ഷൺമുഖ സുന്ദരത്തെ സസ്‌പെൻഡും ചെയ്ത് ഉത്തരവിറക്കി.

ഇതിനിടെ, അജിത് കുമാറിനെ സിവിൽ വസ്ത്രം ധരിച്ച ഒരു കൂട്ടം പോലീസുകാർ മർദിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നു. 32 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, ക്ഷേത്രത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത്, സിവിൽ വസ്ത്രം ധരിച്ച മറ്റ് രണ്ട് പോലീസുകാരുടെ സാന്നിധ്യത്തിൽ, ഒരു പോലീസുകാരൻ അജിത് കുമാറിനെ പ്ലാസ്റ്റിക് പൈപ്പ് പോലുള്ള ഒരു വസ്തു ഉപയോഗിച്ച് മർദ്ദിക്കുന്നതായി കാണാം.

ശിവഗംഗ മഡപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായ ബി.അജിത് കുമാർ (27) ആണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനിൽ വച്ച് മരിച്ചത്. അജിത്തിന്‍റെ ശരീരത്തിൽ 30 ഇടങ്ങളിലായി ചതവുകളുണ്ടെന്നും മർദനത്തെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

ജൂൺ 27നാണ് കേസിനാസ്‌പദമായ സംഭവം. മധുര സ്വദേശിയായ നികിത എന്ന സ്ത്രീയുടെ പരാതിയിൽ അജിത്തിനെ അടക്കം 5 ക്ഷേത്രജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മയ്ക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയപ്പോൾ കാറിന്‍റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നു എന്നും എന്നാൽ മടങ്ങിയെത്തിയപ്പോൾ കാറിലുണ്ടായിരുന്ന ബാഗിലെ ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി എന്നായിരുന്നു നികിതയുടെ പരാതി. എന്നാൽ മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് പോലീസിന് മൊഴി നൽകിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ അജിത്തിനെ വീണ്ടും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൊലീസ് വാനിൽ വച്ച് അജിത്തിനെ ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം, അജിത്തിന് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാൻ തക്ക തെളിവുകളൊന്നും ഇതുവരെ ലഭ്യിച്ചിട്ടില്ലെന്ന് പൊലീസും സമ്മതിച്ചിരുന്നു. കേസ് മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് പരിഗണിക്കുന്നത്. മോഷണകുറ്റമാണെങ്കിൽ കൂടിയും യുവാവിനെ തീവ്രവാദിയെ പോലെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നു എന്ന് തിങ്കളാഴ്ച സർക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.

സർക്കാരിനെക്കുറിച്ച് മികച്ച അഭിപ്രായം, നേരിട്ടത് അപ്രതീക്ഷിത പരാജയം; എം.വി. ഗോവിന്ദൻ

സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്; ജയസൂര്യയെ ഇഡി ചോദ്യം ചെയ്തു

ശബരിമല സ്വർണകൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം വിജയകുമാർ അറസ്റ്റിൽ

ആരവല്ലി കുന്നുകളുടെ നിർവചനത്തിൽ വ്യക്തത വേണം, ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി; കേന്ദ്രത്തിന് നോട്ടീസ് അയച്ചു

''ശാസ്തമംഗലത്ത് ഇരിക്കുന്നത് ജനത്തിനുവേണ്ടി, ശബരിനാഥിന്‍റെ സൗകര്യത്തിനല്ല''; മറുപടിയുമായി വി.കെ. പ്രശാന്ത്