ന്യൂഡൽഹി: 14 ഭേദഗതികളോടെ വഖഫ് ബില്ലിന് സംയുക്ത പാർലമെന്‍ററി സമിതിയുടെ (ജെപിസി) അംഗീകാരം. പ്രതിപക്ഷം മുന്നോട്ടുവച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി.
10 എംപിമാർ പ്രതിപക്ഷ ഭേദഗതിയെ പിന്തുണച്ചപ്പോൾ 16 പേർ എതിർത്തു. വോട്ടെടുപ്പില്‍ പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ക്കു ഭൂരിപക്ഷം കിട്ടിയില്ലെന്നും ഇതേതുടര്‍ന്ന് നിര്‍ദേശങ്ങൾ തള്ളിയതായും ബിജെപി അംഗം പ്രതികരിച്ചു.
വഖഫ് ബോർഡുകളുടെ ഭരണരീതിയിൽ നിരവധി മാറ്റങ്ങളാണ് വഖഫ് ഭേദഗതി ബില്ലിൽ നിർദേശിക്കുന്നത്. ഭേദഗതി ബില്‍ പ്രകാരം മുസ്‌ലിങ്ങളല്ലാത്ത രണ്ടുപേരും വനിതാ അംഗങ്ങളും ഭരണസമിതിയില്‍ ഇടം നേടും. വഖഫ് കൗണ്‍സിലിന് ഭൂമിയിൽ അവകാശം പറയാനാവില്ല എന്നതടക്കമുള്ള നിർദേശങ്ങളും ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭരണപക്ഷത്തിന്‍റെ നിർദേശങ്ങൾ കൂടി ഉൾപ്പെടുത്തിയാവും റിപ്പോർട്ട് സമർപ്പിക്കുക. ഫെബ്രുവരി 13 നകം റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു ജെപിസിക്ക് സമയം അനുവദിച്ചിരുന്നത്.