India

ജഗന്നാഥ സ്വാമി മോദിയുടെ ആരാധകനെന്ന പരാമർശം നാക്കുപിഴ; പ്രായശ്ചിത്തമായി 3 ദിവസം വ്രതമെന്ന് ബിജെപി നേതാവ് സംബിത് പാത്ര

ദിവസം 15-16 തവണ മാധ്യമങ്ങളോടു സംസാരിക്കുന്നുണ്ടെന്നും അതിനിടയിൽ സംഭവിച്ച അബദ്ധമാണിതെന്നും പാത്ര പറഞ്ഞു.

ഭുവനേശ്വർ: പുരി ക്ഷേത്രത്തിലെ പ്രധാന മൂർത്തിയായ ജഗന്നാഥ സ്വാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തനാണെന്ന പരാമർശത്തിനു പ്രായശ്ചിത്തമായി മൂന്നു ദിവസം വ്രതമെടുത്ത് ബിജെപി നേതാവ് സംബിത് പാത്ര. പരാമർശം നാക്കുപിഴയാണെന്നു വിശദീകരിച്ചുകൊണ്ടാണ് ഇന്നലെ മുതൽ വ്രതം ആരംഭിച്ചത്. ജഗന്നാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്ന പുരി ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയാണു പാത്ര. കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഭഗവാൻ ജഗന്നാഥനും മോദിയുടെ ഭക്തനാണെന്നു പാത്ര പറഞ്ഞത്. ഒഡീഷയിൽ ഏറ്റവുമധികം ഭക്തരെത്തുന്ന ക്ഷേത്രമാണു പുരിയിലേത്.

പരാമർശം നാക്കുപിഴയാണെന്നും മോദി, ജഗന്നാഥന്‍റെ ഭക്തനാണെന്നാണ് താൻ പറയാനുദ്ദേശിച്ചതെന്നും പാത്ര വിശദീകരിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയും ബിജെഡി നേതാവുമായ നവീൻ പട്നായിക്കും കോൺഗ്രസും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതോടെയാണ് വ്രതം പ്രഖ്യാപിച്ചത്.

ദിവസം 15-16 തവണ മാധ്യമങ്ങളോടു സംസാരിക്കുന്നുണ്ടെന്നും അതിനിടയിൽ സംഭവിച്ച അബദ്ധമാണിതെന്നും പാത്ര പറഞ്ഞു. മുൻപു താൻ മാധ്യമങ്ങളോടു സംസാരിക്കുന്ന വിഡിയൊ പരിശോധിച്ചാൽ അതിലെല്ലാം മോദി, ജഗന്നാഥ പ്രഭുവിന്‍റെ ഭക്തനാണെന്നു പറയുന്നതു കാണാം. ഒരു തവണ നാക്കുപിഴ സംഭവിച്ചെന്നും പാത്ര.

എന്നാൽ, ജഗന്നാഥ പ്രഭു പ്രപഞ്ചത്തിന്‍റെ ദേവനാണെന്ന് മുഖ്യമന്ത്രി നവീൻ പട്നായിക്ക് പറഞ്ഞു. ജഗന്നാഥ പ്രഭുവിനെ ഒരു മനുഷ്യന്‍റെ ഭക്തനാക്കി മാറ്റുന്നത് അപമാനിക്കലാണ്. ഇതു ലോകമെമ്പാടുമുള്ള ഭക്തരുടെ വികാരം മുറിപ്പെടുത്തുമെന്നും നവീൻ പട്നായിക്ക്.

പാത്രയുടെ പരാമർശം ഭക്തരെ വ്രണപ്പെടുത്തുന്നതാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാൾ തുടങ്ങിയവരും പറഞ്ഞു. കോൺഗ്രസിലായിരുന്നെങ്കിൽ പാത്രയെ ഇപ്പോൾ പുറത്താക്കിയേനെയെന്നാണ് പവൻ ഖേരയുടെ പ്രതികരണം.

ട്രെയിനുകളിലെ എല്ലാ കോച്ചുകളിലും സിസിടിവി ഘടിപ്പിക്കും; വെളിച്ചമില്ലെങ്കിലും പ്രവർത്തിക്കുന്ന ക്യാമറ

സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല: മന്ത്രി വി. ശിവന്‍കുട്ടി

കാല് കഴുകിപ്പിക്കൽ നീചമായ നടപടി: മന്ത്രി വി. ശിവൻകുട്ടി

കീം: ഹൈക്കോടതി റദ്ദാക്കിയതിനെതിരേ സംസ്ഥാന സിലബസ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയില്‍

പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ