വോട്ടിങ് മെഷീൻ. പ്രതീകാത്മക ചിത്രം
India

പൊതുതെരഞ്ഞെടുപ്പ് നേരത്തെയാക്കുമോ? അഭ്യൂഹങ്ങൾ സജീവം

പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്

ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പ് നേരത്തെയാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി അഭ്യൂഹങ്ങൾ കനക്കുന്നു. പാചക വാതകത്തിന് വില കുറച്ചതോടെയാണ് ഇത്തരത്തിലുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചത്.

നിലവിലുള്ള പതിനേഴാം ലോക്‌സഭയ്ക്ക് 2024 മേയ് വരെ കാലാവധിയുണ്ട്. എന്നാൽ, ഈ വർഷം ഡിസംബറിൽ തന്നെ തെരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് പ്രതിപക്ഷത്തെ ചില നേതാക്കൾ അടക്കം സംശയം പ്രകടിപ്പിക്കുന്നത്.

പശ്ചിമ ബംഗാളിൽ ഡിസംബർ വരെ ഒറ്റ ഹെലികോപ്റ്റർ പോലും കിട്ടാനില്ലെന്നും, മുഴുവനും ബിജെപി ബുക്ക് ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതും ഈ ചർച്ചകൾക്ക് കരുത്തു പകർന്നു. എന്നാൽ, ബിജെപി വൃത്തങ്ങളിൽ നിന്ന് ഇതു സ്ഥിരീകരിക്കുന്ന സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടുമില്ല.

ചില സംസ്ഥാന നിയമസഭകളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പുകൾക്കൊപ്പം ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി നടത്തുകയും, 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിക്കുകയും ചെയ്യാൻ ബിജെപിക്ക് ആലോചനയുണ്ടെന്നാണ് പുറത്തുവരുന്ന വാർത്തകൾ. ചന്ദ്രയാൻ വിക്ഷേപണ വിജയവും വരാനിരിക്കുന്ന സൗര പര്യവേക്ഷണ പദ്ധതിയുമെല്ലാം സർക്കാരിന്‍റെ നേട്ടങ്ങളായി അവതരിപ്പിക്കാൻ സാധിക്കും എന്നതാണ് തെരഞ്ഞെടുപ്പ് നേരത്തെ നടത്തിയാൽ ലഭിക്കുന്ന മെച്ചം.

മണിപ്പൂർ പ്രശ്നം ഉന്നയിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിലും, അതിനപ്പുറം, പ്രതിപക്ഷത്തിനു മേൽ സ്കോർ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്ന ആത്മവിശ്വാസം സർക്കാരിനുണ്ട്. വിശാല പ്രതിപക്ഷ സഖ്യമാകട്ടെ, ഇപ്പോൾ ശൈശവ ദശയിലുമാണ്. ഇരുപതിലധികം പാർട്ടികൾ ഉൾപ്പെടുന്ന 'ഇന്ത്യ' മുന്നണിക്ക് ചുവടുറപ്പിക്കാൻ സമയം കൊടുക്കാതെ തെരഞ്ഞെടുപ്പ് നടത്തുന്നതായിരിക്കും അനായാസ വിജയത്തിനു സഹായിക്കുക എന്ന ഉപദേശവും ബിജെപി കേന്ദ്രങ്ങൾക്കു ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

കസ്റ്റഡി പീഡനം ഔദ‍്യോഗിക കൃത‍്യനിർവഹണത്തിന്‍റെ ഭാഗമല്ലെന്ന് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി