യുവതി ഭർതൃസഹോദരിക്കൊപ്പം ഒളിച്ചോടി; പരാതി നൽകി ഭർത്താവ്
ജബൽപുർ: ഭർതൃസഹോദരിക്കൊപ്പം ഒളിച്ചോടിയ യുവതിയ്ക്കു വേണ്ടി അന്വേഷണം ശക്തമാക്കി പൊലീസ്. മധ്യപ്രദേശിലെ ജബൽപുരിലാണ് സംഭവം. അമർപതാൻ സ്വദേശി അശുതോഷിന്‍റെ ഭാര്യ സന്ധ്യയാണ് ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ചാണ് യുവതി ഭർത്താവിന്‍റെ കസിനായ പെൺകുട്ടിക്കൊപ്പം നാടു വിട്ടത്. 7 വർഷം മുൻപാണ് സന്ധ്യയും അശുതോഷും വിവാഹിതരായത്. ഇരുവർക്കും അഞ്ച് വയസുള്ള മകനുമുണ്ട്. അശുതോഷ് പഠനങ്ങളുടെ ഭാഗമായി വീട്ടിൽ നിന്ന് മാറി നിന്ന സമയത്താണ് കസിൻ മാനസി ഇവരുടെ വീട്ടിലെ നിത്യസന്ദർശകയായി മാറിയത്.
ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നതിനാൽ സന്ധ്യയുടെയും മാനസിയുടെയും അടുപ്പത്തെ ആരും സംശയിച്ചില്ല. ഓഗസ്റ്റ് 12ന് സന്ധ്യയെ വീട്ടിൽ നിന്ന് കാണാതായി. കുടുംബാംഗങ്ങൾ ജബൽപുർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ തെരച്ചിലിൽ ഇവരെ കണ്ടെത്താനായി. പക്ഷേ ഓഗസ്റ്റ് 22ന് സന്ധ്യയെ വീണ്ടും കാണാതായി. മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ചാണ് സന്ധ്യ പോയത്.
സന്ധ്യയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് മാനസിയുമായി പ്രണയത്തിലായിരുന്നുവെന്ന അശുതോഷിന് വ്യക്തമായത്. അശുതോഷ് നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
സന്ധ്യയും മാൻസിയും മൊബൈൽ ഫോണുകൾ ഇല്ലാതെയാണ് നാടു വിട്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇരുവരെയും കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെന്ന് പൊലീസ് പറയുന്നു.