നട്ടു വളർത്തിയ ആൽമരം ആരുമറിയാതെ വെട്ടിമാറ്റി; പൊട്ടിക്കരഞ്ഞ് 90കാരി, 2 പേർ അറസ്റ്റിൽ

 
India

നട്ടു വളർത്തിയ ആൽമരം ആരുമറിയാതെ വെട്ടിമാറ്റി; പൊട്ടിക്കരഞ്ഞ് 90കാരി, 2 പേർ അറസ്റ്റിൽ|Video

അറുത്തു മാറ്റിയ മരത്തിൽ നെറ്റി മുട്ടിച്ച് ദേവ്‌ല കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്

നീതു ചന്ദ്രൻ

ഖൈറാഗഡ്: ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് താൻ നട്ടു വളർതതിയ ആൽമരം സർക്കാർ ഉദ്യോഗസ്ഥർ വെട്ടിയത് കണ്ട് സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞ് 90കാരി. ഛത്തീസ്ഗഡിലെ സറഗോണ്ടി ഗ്രാമത്തിലാണ് സംഭവം. 90 വയസുള്ള ദേവ്‌ല ഭായ് പട്ടേൽ നട്ടു വളർത്തിയ ആൽമരമാണ് രാത്രിയിൽ മുറിച്ചു മാറ്റിയത്. 25 വർഷം മുൻപ് നട്ട മരത്തെ നാട്ടുകാർ പരിശുദ്ധമായി കരുതി പ്രാർഥിക്കാറുണ്ട്. ഇവിടെ പൂജകളും നടത്താറുണ്ട്. ഈ മരമാണ് അറുത്തു മാറ്റിയത്. അറുത്തു മാറ്റിയ മരത്തിൽ നെറ്റി മുട്ടിച്ച് ദേവ്‌ല കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതു വളരെ ഹൃദയഭേദകമായ കാഴ്ചയാണെന്ന കുറിപ്പോടെ കേന്ദ്ര മന്ത്രി കിരൺ റിജിജുവും വിഡിയോ പങ്കു വച്ചിട്ടുണ്ട്. പ്രദേശവാസിയായ പ്രമോദ് പട്ടേൽ നൽകിയ പരാതിയിൽ പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

സർക്കാർ ഭൂമിയിലാണ് ആൽമരം നിന്നിരുന്നത്. അതിനോടു ചേർന്ന സ്ഥലം വാങ്ങിയ ഇമ്രാൻ മേമൻ തന്‍റെ കൃഷിയിടത്തിലേക്ക് വഴിയുണ്ടാക്കാനായി മരം വെട്ടാൻ ശ്രമിച്ചിരുന്നു. ഒക്റ്റോബർ 5ന് മേമൻ പ്രകാശ് കോസ്രെയുടെ സഹായത്തോടെ മരം വെട്ടാൻ ശ്രമിച്ചുവെങ്കിലും നാട്ടുകാർ എതിർത്തതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

പക്ഷേ അന്നു രാത്രി തന്നെ ആരുമറിയാതെ ഇരുവരും ചേർന്ന് മരം മുറിച്ചു മാറ്റി. മരം മുറിച്ചു മാറ്റിയ മേമൻ‌, കോർസെ എന്നിവരെ ആരാധനാസ്ഥലത്തിന് കേടുപാടുണ്ടാക്കി, വിശ്വാസത്തെ അപമാനിക്കാൻ ശ്രമിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡിൽ വിട്ടു. മരം മുറിച്ചുവെന്ന് അറിഞ്ഞതോടെ ദേവ്‌ല തകർന്നുപോയെന്ന് ഗ്രാമീണർ പറയുന്നു. പിന്നീട് മരം നിന്നിരുന്ന പ്രദേശത്ത് പ്രത്യേക പൂജ നടത്തിയതിനു ശേഷം മറ്റൊരു ആൽമരത്തിന്‍റെ തൈ ദേവ്‌ല ഭായ് നട്ടു പിടിപ്പിച്ചു.

''മുഖ്യമന്ത്രിയുടെ മകനെതിരായ ഇഡി നോട്ടീസ് അടിസ്ഥാനരഹിതം''; എം.എ. ബേബി

എറണാകുളത്ത് മൂന്നു വയസുകാരിയുടെ ചെവി തെരുവുനായ കടിച്ചെടുത്തു; നായയ്ക്ക് പേവിഷബാധയെന്ന് സംശയം

യുഎസിൽ ബാറിൽ വെടിവയ്പ്പ്; 4 പേർ മരിച്ചു

സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം

ബിഹാർ തെരഞ്ഞെടുപ്പ്: എൻഡിഎ സീറ്റ് വിഭജനം പൂർത്തിയാക്കി, ബിജെപിയും ജെഡിയുവും തുല്യ സീറ്റുകളിൽ മത്സരിക്കും