ദുബായ് വിമാനത്താവളത്തിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു; ആളപായമില്ല
ദുബായ്: ദുബായ് അന്തർദേശിയ വിമാനത്താവളത്തിലെ അറൈവൽ ടെർമിനൽ ഒന്നിലെ പാർക്കിങ് മേഖലയിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീപിടിച്ചു. ആളപായമില്ല. അധികൃതർ ഉടൻ തന്നെ തീ അണച്ചു. മറ്റ് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. സംഭവ സമയത്ത് കാറിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല.
ശനിയാഴ്ച 611 എമിറേറ്റ്‌സ് റോഡിൽ മറ്റൊരു വാഹനത്തിനും തീപിടിച്ചിരുന്നു. ഷാർജ ദിശയിലേക്കുള്ള എമിറേറ്റ്സ് റോഡിലാണ് സംഭവം. റോഡരികിൽ നിർത്തിയിട്ടിരിരുന്ന ട്രാക്കിനാണ് തീപിടിച്ചത്. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട് സർക്യൂട്ട് , ബാറ്ററിയുടെ കേടുപാടുകളും ഉൾപ്പെടെയുള്ള വൈദ്യുത തകരാറുകൾ, എഞ്ചിൻ ഓയിൽ, ഹൈഡ്രോളിക് ഓയിൽ, ഡീസൽ അല്ലെങ്കിൽ പെട്രോൾ എന്നിവയുടെ ചോർച്ച എന്നിവയാണ് വാഹനങ്ങളുടെ തീപിടുത്തത്തിന്‍റെ കാരണങ്ങൾ.
മെക്കാനിക്കൽ തകരാർ, തെറ്റായ രീതിയിൽ ഇൻസ്റ്റാൾ ചെയ്ത ഉപകരണം, വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്ന കത്തുന്ന വസ്തുക്കൾ, തേഞ്ഞുപോയ വാട്ടർ പമ്പ് അല്ലെങ്കിൽ കൂളിംഗ് ഫാൻ മൂലമുണ്ടാകുന്ന അമിത ചൂടാക്കൽ , വാഹനമോടിക്കുമ്പോൾ പുകവലിക്കുന്നത് തുടങ്ങിയവയും തീപിടുത്തത്തിന് കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. വേനൽക്കാലം തുടങ്ങിയ സാഹചര്യത്തിൽ വാഹന ഉടമകളും വാഹനങ്ങൾ ഓടിക്കുന്നവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.