അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ 
Pravasi

അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച: ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ

സെപ്തംബർ 15ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ചാണ് പൊന്നോണക്കാഴ്ച അരങ്ങേറുന്നത്

Aswin AM

ദുബായ് : അക്കാഫ് അസോസിയേഷൻ നടത്തുന്ന ഈ വർഷത്തെ ഓണാഘോഷമായ നിഷ്ക ജ്വല്ലറി പ്രസന്‍റസ്, വെസ്റ്റ്സോൺ പൊന്നോണക്കാഴ്ച 2024 ന്‍റെ ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിൽ. സെപ്തംബർ 15ന് ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ വെച്ചാണ് പൊന്നോണക്കാഴ്ച അരങ്ങേറുന്നത്. കേരളത്തിലെ തിരുവനന്തപുരം മുതൽ മഞ്ചേശ്വരം വരെയുള്ള നൂറോളം വരുന്ന കോളെജ് അലുമിനികളുടെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷൻ ദുബായ് ഗവൺമെന്‍റ് അംഗീകരിച്ചിട്ടുള്ള കോളെജ് അലുമിനികളുടെ ഏക സംഘടനയാണ്. ഇത്തവണയും ഏറെ വ്യത്യസ്തമായ പരിപാടികളോടെയാണ് അക്കാഫ് ഓണാഘോഷം നടത്തുന്നത്.

പൊന്നോണത്തിൽ അമ്മമാർക്ക് മാതൃവന്ദനം

കേരളത്തിൽ നിന്നുമെത്തുന്ന തെരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരൊത്തുള്ള അമ്മയോണമാണ് ഇരുപത്തിയാറാം വർഷത്തെ ഓണാഘോഷമായ പൊന്നോണക്കാഴ്ചയുടെ പ്രധാന സവിശേഷത. മാതൃവന്ദനം എന്ന പേരിലാണ് അമ്മയോണം ആഘോഷിക്കുന്നത്. യുഎഇ യിൽ കുറഞ്ഞ ശമ്പളത്തിൽ ജോലിചെയ്യുന്ന പ്രവാസികളിൽ പലരും ജീവിതത്തിൽ ഒരിക്കലും നടക്കില്ലെന്ന് കരുതിയ സ്വപ്നമാണ് അക്കാഫ് ന്‍റെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള മാതൃവന്ദനത്തിൽ സാക്ഷാൽക്കരിക്കുന്നത്. കഴിഞ്ഞ തവണ 25 അമ്മമാരെയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് അക്കാഫ് അസോസിയേഷൻ ദുബായിൽ എത്തിച്ചത്.

വാശിയേറിയ പോരാട്ടങ്ങൾ : പ്രാഥമിക മത്സരങ്ങൾ ഞായറാഴ്ച

പൊന്നോണക്കാഴ്ചയുടെ ഭാഗമായി നിരവധി മത്സരങ്ങളാണ് അക്കാഫ് നടത്തുന്നത്. സെപ്റ്റംബർ 8 നാണ് പൊന്നോണക്കാഴ്ച്ചയുടെ പ്രാഥമിക മത്സരങ്ങൾ നടക്കുന്നത്. ഖിസൈസിലെ ഇന്ത്യൻ അക്കാദമി സ്കൂളിൽ ഉച്ചയ്ക്ക് രണ്ട് മണി മുതൽ നാടൻപാട്ട് മത്സരവും മലയാളി മങ്ക, പുരുഷകേസരി എന്നിവയിലെ പ്രാഥമിക റൗണ്ട് മത്സരങ്ങളും നടക്കും.

തിരുവോണ ദിനം രാവിലെ 8 മുതൽ പരിപാടികൾ

സെപ്തംബർ 15നു രാവിലെ 8 മണി മുതൽ ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ ഓണാഘോഷം ആരംഭിക്കും . വിവിധ കോളെജ് അലുമിനികൾ മാറ്റുരയ്ക്കുന്ന പൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ് , പായസ മത്സരം , മലയാളി മങ്ക , പുരുഷകേസരി, കോളെജുകളുടെ സാംസ്‌കാരിക ഘോഷയാത്ര മത്സരം , കുട്ടികൾക്കായി പെയിന്‍റിങ് -ചിത്ര രചനാ മത്സരം എന്നിവയാണ് മത്സര ഇനങ്ങൾ. രാവിലെ 11 മണിയോടു കൂടി ഓണസദ്യ ആരംഭിക്കും. പതിനായിരം പേരെയാണ് ഓണസദ്യയ്ക്ക് പ്രതീക്ഷിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്, അക്കാഫ് അസോസിയേഷന്‍റെ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്.

ഒരുക്കങ്ങൾ വിലയിരുത്താൻ കൺവെൻഷൻ

അക്കാഫ് അസോസിയേഷന്‍റെ പൊന്നോണക്കാഴ്ചയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ നടത്തിയ കൺവെൻഷനിൽ വിവിധ കമ്മിറ്റി കൺവീനർമാർ, കോർഡിനേറ്റർമാർ എന്നിവർ വിശദമായ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ പ്രസിഡണ്ട് പോൾ ടി ജോസഫ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ശങ്കർ നാരായണൻ , നിഷ്ക ജ്വല്ലറി പ്രതിനിധി സമീർ, മീഡിയ വൺ മിഡിൽ ഈസ്റ്റ് ജനറൽ മാനേജർ സവാബ് അലി, ഡയറക്ർ ബോർഡ് മെമ്പർമാരായ മുഹമ്മദ് റഫീഖ്, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, മച്ചിങ്ങൽ രാധാകൃഷ്ണൻ,, , ജോയിന്‍റ് ജനറൽ കൺവീനർമാരായ എ. വി. ചന്ദ്രൻ, ഡോ ജയശ്രീ, ഫെബിൻ, സഞ്ജുകൃഷ്ണൻ, മൻസൂർ, എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ദീപു എ. എസ്‌. സ്വാഗതവും , ട്രഷറർ മുഹമ്മദ് നൗഷാദ് നന്ദിയും പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ് മികച്ച ചിത്രം, മമ്മൂട്ടി നടൻ, ഷംല നടി

മുംബൈ സ്വദേശിനിക്ക് മൂന്നാറിൽ ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷൻ

''ആര് മത്സരിച്ചാലും തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിന് സ്വന്തം'': വി. ശിവന്‍കുട്ടി

മെസി മാർച്ചിൽ എത്തും; മെയിൽ‌ വന്നെന്ന് മന്ത്രി അബ്ദു റഹ്മാന്‍

പിഞ്ചുകുഞ്ഞ് അമ്മയുടെ കൈയിൽ നിന്ന് കിണറ്റിൽ വീണു മരിച്ചു