അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച; ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ

 
Pravasi

അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച; ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ

ഓണാഘോഷത്തിന്‍റെ ഭാഗമായി നാട്ടിൽ നിന്നും 27 അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മാതൃവന്ദനമാണ് പൊന്നോണകാഴ്ചയുടെ ഏറ്റവും വലിയ പ്രത്യേകത

Aswin AM

ദുബായ്: അക്കാഫ് അസോസിയേഷൻ പൊന്നോണക്കാഴ്ച ഞായറാഴ്ച ദുബായ് വേൾഡ് ട്രേഡ് സെന്‍ററിൽ അരങ്ങേറും. അക്കാഫ് രൂപീകരണത്തിന്‍റെ 27-ാം വർഷത്തെ ഓണാഘോഷത്തിന്‍റെ ഭാഗമായി നാട്ടിൽ നിന്നും 27 അമ്മമാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മാതൃവന്ദനമാണ് പൊന്നോണകാഴ്ചയുടെ ഏറ്റവും വലിയ പ്രത്യേകത. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുമാണ് അമ്മമാരെത്തുന്നത്.

തുടർച്ചയായി ഇത് മൂന്നാം വർഷമാണ് അക്കാഫ് അസോസിയേഷൻ മാതൃവന്ദനം എന്ന പേരിൽ അമ്മമാരെ ആദരിക്കുന്നത്. പൊന്നോണക്കാഴ്ചക്ക് ശേഷമുള്ള ദിവസങ്ങളിൽ യുഎയിലെ വിവിധ എമിറേറ്റുകളിൽ സ്വന്തം മക്കളുടെ കൂടെ അമ്മമാരെയും കൂട്ടി യാത്ര നടത്താൻ അക്കാഫ് തീരുമാനിച്ചതായി പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള എന്നിവർ അറിയിച്ചു.

കേരളത്തിലെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള നൂറിലധികം കോളെജ് അലുംനികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ദുബായ് ഗവൺമെന്‍റ് അംഗീകാരമുള്ള അക്കാഫ് അസോസിയേഷൻ. ഞായറാഴ്ച രാവിലെ 8 മണിക്ക് പൊന്നോണകാഴ്ചയുടെ തിരശീല ഉയരും. വിവിധ കോളെജ് അലുമ്നി അംഗങ്ങൾക്കായുള്ള അത്തപൂക്കള മത്സരം, സിനിമാറ്റിക് ഡാൻസ് , പായസ മത്സരം, പുരുഷ കേസരി- മലയാളി മങ്ക മത്സരം, ഓണ വിനോദങ്ങൾ, കിഡ്സ് ഫാഷൻ ഷോ, നാടൻ പാട്ട്, കോളെജുകളുടെ സാംസ്‌കാരിക ഘോഷയാത്ര മത്സരം, കുട്ടികൾക്കായി പെയിന്‍റിങ് - ചിത്ര രചനാ മത്സരങ്ങൾ എന്നിവ അരങ്ങേറും.

ഉച്ചയ്ക്ക് 11 മണിയോടു കൂടി ഓണസദ്യ ആരംഭിക്കും. ഏകദേശം പതിനായിരം പേരെയാണ് ഓണസദ്യയ്ക്ക് പ്രതീക്ഷിക്കുന്നത്. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് , കേരള സർക്കാരിന്‍റെ കീഴിലുള്ള നോർക്ക റൂട്ട്സ് എന്നിവരും വിവിധ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും അക്കാഫ് അസോസിയേഷന്‍റെ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്.

വൈകുന്നേരം നടക്കുന്ന സാംസ്കാരിക സദസിൽ ഇന്ത്യൻ കോൺസുൽ ജനറൽ സതീഷ് കുമാർ ശിവൻ, മാധ്യമ പ്രവർത്തകൻ ആർ. ശ്രീകണ്ഠൻ നായർ, ചലച്ചിത്ര താരം ഷെയ്ൻ നിഗം എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. കെ. എസ്. ഹരിശങ്കർ, ചിന്മയ് ശ്രീപാദ എന്നിവരുടെ നേതൃത്വത്തിലുള്ള ബാൻഡിന്‍റെ സംഗീത നിശയും , ദീപ്തി സതി, പാരീസ് ലക്ഷ്മി എന്നിവരുടെ നൃത്ത ശില്പവും ഉണ്ടാകും.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ, ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്‍റ് ലക്ഷ്മി അരവിന്ദ്, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ഗിരീഷ് മേനോൻ, വിൻസെന്‍റ് വലിയ വീട്ടിൽ, ആർ. സുനിൽ കുമാർ, മുനീർ സി. എൽ, ജനറൽ കൺവീനർ വെങ്കിട് മോഹൻ, ജോയിന്‍റ് ജനറൽ കൺവീനർമാരായ നിഷ ഉദയകുമാർ, ബിന്ദു ജെയിംസ്, സുനിൽ കുമാർ , മുഹമ്മദ് ഷാഹി, ജിബി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മിറ്റിയാണ് പൊന്നോണക്കാഴ്ച്ചയുടെ വിജയത്തിനായി പ്രവർത്തിക്കുന്നത്.

സൂപ്പർ ഓവറിൽ അർഷ്ദീപ് മാജിക്: ലങ്കയെയും മുക്കി ഇന്ത്യ

"സമ്മർദത്തിലാക്കാൻ ഭരണകൂടം ശ്രമിക്കുന്നു, ഭീഷണപ്പെടുത്തി കീഴ്പ്പെടുത്താമെന്ന് ആരും വിചാരിക്കേണ്ട": കെ.എം. ഷാജഹാൻ

എയിംസ് വിഷയത്തിൽ ബിജെപിയിൽ തമ്മിലടിയെന്ന് എം.വി. ഗോവിന്ദൻ; തള്ളി പി.കെ. കൃഷ്ണദാസ്

നവരാത്രി: സംസ്ഥാനത്ത് 30ന് പൊതു അവധി

സൽമാൻ റുഷ്ദിയുടെ 'ദ സാത്താനിക് വേഴ്സസ്' നിരോധിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി