യുഎഇ-ഒമാൻ ദേശീയ ദിനങ്ങൾ: ഹത്ത അതിർത്തിയിൽ റെക്കോഡ് തിരക്ക്
ദുബായ്: യുഎഇയുടെയും ഒമാന്‍റെയും ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ലഭിച്ച അവധി ദിവസങ്ങളിൽ ഹത്ത അതിർത്തി വഴി കടന്നുപോയ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധന. നവംബർ 25 മുതൽ ഡിസംബർ 2 വരെ 1,45,265 പേരാണ് ഹത്ത വഴി കടന്നുപോയതെന്ന് ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് അറിയിച്ചു. യുഎഇയുടെ 54-ാം ദേശീയ ദിനത്തിന്‍റെയും, ഒമാന്‍റെ 55-ാം ദേശീയ ദിനത്തിന്‍റെയും അവധി ദിവസങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വന്നതോടെയാണ് അതിർത്തിയിൽ യാത്രക്കാരുടെ ഒഴുക്ക് അസാധാരണമായി വർധിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
അവധി ദിവസങ്ങളിൽ ഉണ്ടായ ഈ അപ്രതീക്ഷിത തിരക്ക് കൃത്യമായി കൈകാര്യം ചെയ്യുന്നതിനായി ജിഡിആർഎഫ്എ നടപ്പാക്കിയ സനദ് ടീം പ്ലാൻ വലിയ വിജയമായിരുന്നു. ഉദ്യോഗസ്ഥരെ തന്ത്രപരമായി വിന്യസിക്കുകയും ബന്ധപ്പെട്ട വകുപ്പുകളുമായുള്ള ഏകോപനം ശക്തമാക്കുകയും ചെയ്‌തതിലൂടെ യാത്രക്കാർക്ക് തടസ്സമില്ലാത്ത സേവനം ഉറപ്പാക്കാൻ സാധിച്ചുവെന്ന് ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.
തിരക്കേറിയ ദിവസങ്ങളിൽ പോലും പൊതുജനങ്ങൾക്ക് മികച്ച സേവനം നൽകാനായതിൽ ഉദ്യോഗസ്ഥരുടെ പ്രൊഫഷണലിസമാണ് നിർണായകമായതെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. “യാത്രക്കാരുടെ സൗകര്യമാണ് ഞങ്ങളുടെ മുൻഗണന. അതിനായി ആവശ്യമായ എല്ലാ ഒരുക്കങ്ങളും മുൻകൂട്ടി ഉറപ്പാക്കുകയായിരുന്നു.' അദ്ദേഹം വ്യക്തമാക്കി.