ദുബായ് പൊലീസുമായി സഹകരിച്ച് ലഹരി വിരുദ്ധ ഫുട്ബോൾ ടൂർണമെന്‍റ്
ദുബായ്: പവർ ഗ്രൂപ്പ് യുഎഇ യുടെ നേതൃത്വത്തിൽ ദുബായ് പൊലീസിന്‍റെ പോസിറ്റീവ് സ്പിരിറ്റുമായി സഹകരിച്ച് ജിസിസി കപ്പ് 2025 ഫുട്ബോൾ ടൂർണമെന്‍റ് നടത്തും. ഏപ്രിൽ 10 മുതൽ 13 വരെ ദുബായ് പൊലീസ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 'സേ നോ ഡ്രഗ് യെസ് ടു ഗെയിം ' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജിസിസി തല ടൂർണമെന്‍റ് നടത്തുന്നത്. പ്രമേയത്തിന്‍റെ ഔദ്യോഗിക പ്രകാശനം എമ്പുരാൻ സിനിമയുടെ പ്രമോഷൻ വേദിയിൽ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, ടോവിനോ തോമസ്, ആന്‍റണി പെരുമ്പാവൂർ, പവർ ഗ്രൂപ്പ് പ്രതിനിധി ഫിനാസ് അഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ടൂർണമെന്‍റിൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നി രാജ്യങ്ങളിലെ ഇന്ത്യൻ ക്ലബുകൾക്ക് പുറമെ യൂറോപ്പിലെ മാൾട്ടയിൽ നിന്നുള്ള ടീമും പങ്കെടുക്കും. അൽ ഖിസൈസ് ദുബായ് ഗ്രാൻഡ് ഹോട്ടലിൽ നടന്ന ടീം മാനേജർമാരുടെയും സംഘാടകരുടെയും യോഗത്തിൽ ബ്ലൂ ആരോസ് മാനേജിംഗ് ഡയറക്ടർ രാജേഷ് മേനോൻ ടൂർണമെന്‍റ് വീഡിയോ പുറത്തിറക്കി.
ഫോർച്യൂൺ പ്ലാസ ഹോട്ടൽ മാനേജർ വിനയ് ഫിക്‌സചർ പ്രഖ്യാപിച്ചു. ടൂർണമെന്‍റ് കോർഡിനേറ്റർ ഷബീർ മണ്ണാറിൽ, ഷബീർ കേച്ചേരി എന്നിവർ ടൂർണമെന്‍റ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഷമീർ വൾവക്കാട് നേതൃത്വം നൽകി.
ദുബായ് പൊലീസിന്‍റെ പൊസിറ്റീവ് സ്പിരിറ്റുമായി സഹകരിച്ചുകൊണ്ട് വിപുലമായ സജീകരണങ്ങൾ ഒരുക്കി വരുന്നതായി ടൂർണമെന്‍റ് കൺവീനർ ഫിനാസ് എസ്പിസി കോർഡിനേറ്റർമാരായ അബ്ദുൽ ലത്തീഫ് ആലൂർ, ദിലീപ് കക്കാട്ട്, അസ്സ്ലം ചിറക്കൽ പടി, ഹസ്സൻ പട്ടാമ്പി ബഷീർ കാട്ടൂർ, അബ്ദുൾ നാസർ എന്നിവർ അറിയിച്ചു.