വിവരാവകാശ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: പ്രവാസി ലീഗൽ സെൽ ദേശീയ തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള പത്മനാഭൻ സ്മാരക വിവരാവകാശ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു. വിവരാവകാശ നിയമത്തിന്‍റെ പ്രചാരത്തിനും പ്രയോഗത്തിനും വിശിഷ്ട സേവനം ചെയ്തവർക്കാണ് ഈ പുരസ്കാരം നൽകുന്നത്. പ്രശസ്തിപത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്.
വിവിധ മേഖലയിൽ നിന്നുള്ള വിദഗ്ധ ജൂറിയാണ് വിജയിയെ തിരഞ്ഞെടുക്കുക . pravasilegalcell@gmail.com എന്ന ഈമെയിലിലോ ദി സെക്രട്ടറി പ്രവാസി ലീഗൽ സെൽ D/ 144/ A, ആശ്രം ന്യൂ ഡൽഹി 14 എന്ന വിലാസത്തിലോ നവംബർ 30 നകം അപേക്ഷ ലഭിക്കണം. അവാർഡിനായി പരിഗണിക്കേണ്ട വിവിധ രേഖകളും അപേക്ഷയോടൊപ്പം ചേർക്കണം.
പ്രമുഖ വിവരാവകാശ പ്രവർത്തകനും എറണാകുളത്തെ ജില്ലാ കൺസ്യൂമർ കോടതി അധ്യക്ഷനുമായ ഡി.ബി. ബിനു, വിവരാവകാശ പ്രവർത്തകൻ സുബാഷ് ചന്ദ്ര അഗർവാൾ, കേരളത്തിലെ മുൻ വിവരാവകാശ കമ്മീഷണർ ഡോ. അബ്ദുൽ ഹക്കീം, മാധ്യമ പ്രവർത്തകൻ കെ രാധാകൃഷ്ണൻ, സൗദി അറേബ്യായിലെ വിവരാവകാശ പ്രവർത്തകനായ ഡോമിനിക് സൈമൺ എന്നിവരാണ് മുൻ അവാർഡ് ജേതാക്കൾ. പ്രവാസി ലീഗൽ സെല്ലിന്‍റെ ആദ്യ വൈസ് പ്രസിഡന്‍റായിരുന്ന കെ. പദ്മനാഭന്‍റെ സ്മരണാർഥമാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയത്.