പരിസ്ഥിതി പ്രവർത്തകർക്കുള്ള ബ്ലൂ വിസ: നടപടികൾ പൂർത്തീകരിക്കാൻ മൾട്ടിപ്ൾ എൻട്രി വിസ അനുവദിച്ച് യുഎഇ
ദുബായ്: പരിസ്ഥിതി പ്രവർത്തകർക്കായി യുഎഇ പ്രഖ്യാപിച്ച ബ്ലൂ വിസയുടെ നടപടികൾ പൂർത്തീകരിക്കാൻ മൾട്ടിപ്ൾ എൻട്രി വിസ പ്രഖ്യാപിച്ചു. വിദേശത്തുള്ള അപേക്ഷകർക്കാണ് വിസ അനുവദിക്കുന്നത്. പത്തു വർഷമാണ് ബ്ലൂ വിസയുടെ കാലാവധി.
ബ്ലൂ റെസിഡൻസി വിസക്ക് യോഗ്യതയുള്ള വിദേശികൾക്ക് നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ 180 ദിവസത്തെ മൾട്ടി എൻട്രി വിസയാണ് ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺ ഷിപ്പ് അതോറിറ്റി പ്രഖ്യാപിച്ചത്.
പരിസ്ഥിതി സംരക്ഷണം, സുസ്ഥിരതാ മേഖലകളിൽ മികച്ച സംഭാവന നൽകിയവർക്കാണ് ബ്ലൂ വിസ അനുവദിക്കുന്നത്. പരിസ്ഥിതി മേഖലയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകൾ, കമ്പനികൾ, എൻജിഒകൾ, സംഘടനകളിലെ അംഗങ്ങൾ, ആഗോള പുരസ്‌കാര ജേതാക്കൾ, ആക്ടിവിസ്റ്റുകൾ, ഗവേഷകർ തുടങ്ങിയവരെ വിസയ്ക്കായി പരിഗണിക്കും.
ഗോൾഡൻ വിസ മാതൃകയിലാണ് 10 വർഷത്തെ ബ്ലൂ റസിഡൻസി വിസ നൽകുന്നത്. ഐഡന്‍റിറ്റി ആന്‍റ് സിറ്റിസൺ ഷിപ്പ് അതോറിറ്റിയുടെ സ്മാർട്ട് സർവിസസ് പ്ലാറ്റ്‌ഫോം, മൊബൈൽ ആപ്പ് എന്നിവ വഴി അപേക്ഷ സർപ്പിക്കാം.
യുഎഇയിലെ നിർദിഷ്ട യോഗ്യതയുള്ള അധികാരികൾക്ക് ബ്ലൂ വിസക്ക് യോഗ്യതയുള്ളവരെ നാമനിർദേശവും ചെയ്യാം. 24 മണിക്കൂറും വിസയുമായി ബന്ധപ്പെട്ട സേവനം ലഭ്യമായിരിക്കും.