ദുബായ്: യുഎഇയുടെ വടക്കു-കിഴക്കൻ മേഖലകളിൽ, ബുധനാഴ്ചയുണ്ടായ നേരിയ മഴയും ആകാശം ഭാഗികമായി മേഘാവൃതമായതും അടക്കമുള്ള കാലാവസ്ഥാ സാഹചര്യം ഇന്നും (12/12/2024) തുടരുമെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബുധനാഴ്ച ഉച്ചയോടെ ഫുജൈറയിലെ ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലും അബൂദബിയിലെ നോർത്ത് സകം ഫീൽഡിലും മഴ ലഭിച്ചു. ഷാർജയിലും അബൂദബിയിലും വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നു അധികൃതർ മുന്നറിയിപ്പ് നൽകി.
യു.എ.ഇയുടെ സമീപ ദ്വീപുകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച രാവിലെയോടെ ചില ഉൾനാടൻ പ്രദേശങ്ങളിൽ മഞ്ഞ് വീഴാനിടയുണ്ട്. ഇത് ചിലപ്പോൾ മൂടൽമഞ്ഞായും മാറിയേക്കാമെന്നും അധികൃതർ സൂചിപ്പിച്ചു. കാറ്റിന്റെ വേഗം മണിക്കൂറിൽ 10 മുതൽ 40 കി.മീ വരെയാകും. വടക്കു-കിഴക്ക് നിന്ന് തെക്കു-കിഴക്ക് ഭാഗത്തേക്കാണ് കാറ്റ് പൊതുവെ വീശുന്നത്.
രാജ്യത്തിന്‍റെ ഉൾപ്രദേശങ്ങളിൽ പരമാവധി താപനില ഇന്ന് 26നും 30 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തീര പ്രദേശങ്ങളിലും ദ്വീപുകളിലും താപനില 25 മുതൽ 29 ഡിഗ്രി സെൽഷ്യസ് വരെയും പർവത മേഖലയിൽ 17 മുതൽ 22 ഡിഗ്രി സെൽഷ്യസ് വരെയുമായി ഉയരും.