വ്യാജ നിക്ഷേപ പദ്ധതിയിലൂടെ പണം തട്ടി: പരാതിക്കാരിക്ക് പത്തര ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാൻ കോടതി വിധി
അബുദാബി: വ്യാജ നിക്ഷേപ പദ്ധതിയിൽ കുടുങ്ങി പണം നഷ്ടപ്പെട്ട പരാതിക്കാരിക്ക് 1,083,657 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി കുടുംബ, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി വിധിച്ചു.
താൻ വായ്പയെടുത്ത് പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ തുകയിൽ നിന്നുള്ള പലിശയായി 618,809 ദിർഹവും, നഷ്ടപരിഹാരമായി 100,000 ദിർഹവും ആവശ്യപ്പെട്ടാണ് പരാതിക്കാരി കേസ് നൽകിയത്. കോടതി ഫീസ്, നിയമപരമായ ചെലവുകൾ, അനുബന്ധ ചെലവുകൾ എന്നിവയ്ക്ക് പുറമേ, കേസ് ഫയൽ ചെയ്ത തീയതി മുതൽ 12% പലിശയും നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പരാതിക്കാരിയെ വ്യാജ നിക്ഷേപ പദ്ധതിയിൽ പണം മുടക്കാൻ പ്രതി പ്രേരിപ്പിച്ചു. തന്‍റെ കൈയിൽ ഇതിനുള്ള പണമില്ലെന്ന് അവർ പറഞ്ഞപ്പോൾ മുതലും പലിശയും പൂർണമായും തിരിച്ചടയ്ക്കാമെന്ന് ഉറപ്പുനൽകി ഒരു ബാങ്ക് വായ്പ എടുക്കാൻ അയാൾ സ്ത്രീയെ പ്രേരിപ്പിച്ചു. സ്ത്രീക്ക് ബാങ്കിൽ നിന്ന് 698,000 ദിർഹം വായ്പ ലഭിക്കുകയും പണം ഗഡുക്കളായി അയാൾക്ക് കൈമാറുകയും ചെയ്തു. പല തവണകളായി ആകെ 1,083,657 ദിർഹമാണ് കൈമാറിയത്. തുക നൽകിയ ശേഷം പിന്നീട് അയാളെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും സോഷ്യൽ മീഡിയയിൽ പരാതിക്കാരിയെ ബ്ലോക്ക് ചെയ്യുകയും ചെയ്തു.
തുടർന്നാണ് നിയമ നടപടി സ്വീകരിക്കാൻ ഇവർ തീരുമാനിച്ചത്. ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി വാദിക്ക് അനുകൂലമായി വിധിച്ചു. തട്ടിച്ചെടുത്ത മുഴുവൻ തുകയും 50,000 ദിർഹം നഷ്ടപരിഹാരമായും പ്രതി തിരിച്ചടയ്ക്കണമെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. വിധിക്കെതിരേ പ്രതി അപ്പീൽ നൽകി. ബിസിനസിൽ നഷ്ടം സംഭവിച്ചുവെന്നും ബിസിനസ് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ സമയം ആവശ്യമാണെന്നും അദ്ദേഹം വാദിച്ചു.
ഫണ്ട് സ്വീകരിച്ചത് പ്രതി നിഷേധിച്ചിട്ടില്ലെന്നും വാദിയുമായി ബിസിനസ് ബന്ധമുണ്ടെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അപ്പീൽ കോടതി കണ്ടെത്തി. എന്നാൽ യഥാർഥ വാണിജ്യ പ്രവർത്തനം നടത്തിയതിന് തെളിവൊന്നും കണ്ടെത്താൻ കോടതിക്ക് സാധിച്ചില്ല. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ കോടതി അപ്പീൽ തള്ളുകയും പ്രാരംഭ വിധി അംഗീകരിച്ച് പ്രതി വാദിക്ക് 1,083,657 ദിർഹം തിരിച്ചടയ്ക്കണമെന്ന് വിധിക്കുകയും ചെയ്തു.