സന്തോഷ ദിനാഘോഷം: 303 തൊഴിലാളികളെ ആദരിച്ച് ദുബായ് ജിഡിആർഎഫ്എ
ദുബായ്: ലോക സന്തോഷ ദിനത്തിൽ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് താഴ്ന്ന വരുമാനക്കാരായ 303 വിദേശ തൊഴിലാളികളെ ആദരിക്കുകയും ഓരോ തൊഴിലാളിക്കും 500 ദിർഹം വീതം സമ്മാനമായി നൽകുകയും ചെയ്തു. ജിഡിആർഎഫ്എ ദുബായ് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, അസിസ്റ്റന്‍റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ പങ്കെടുത്തു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ അവരുടെ മാതൃഭാഷകളിൽ സന്തോഷ ദിനാശംസകൾ നേർന്നു. മലയാളം, ഉറുദു, നേപ്പാളി, ബംഗാളി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായിരുന്നു ആശംസകൾ അർപ്പിച്ചത്. സന്തോഷം പങ്കുവെക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി "ഞങ്ങളുടെ സന്തോഷം നിങ്ങളിൽ നിന്ന് വരുന്നു" എന്ന പേരിൽ ജിഡിആർഎഫ്എ ഒരു ഡിജിറ്റൽ സംരംഭവും ആരംഭിച്ചു.
100 വാക്കുകളിൽ താഴെയുള്ള കഥകളോ അനുഭവങ്ങളോ പങ്കുവെക്കുന്നവർക്ക് പ്രത്യേക സമ്മാന നറുക്കെടുപ്പിൽ പങ്കെടുക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും സന്തോഷകരമായ നഗരമായി ദുബായെ മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് ഡയറക്ടർ ജനറൽ ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.