തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ഡോക്യുമെന്‍റുകളും അതീവ ജാഗ്രതയോടെ ഉപയോഗിക്കണം.
GDRFA
ദുബായ്: വ്യക്തികളുടെ തിരിച്ചറിയൽ രേഖകളും ഔദ്യോഗിക ഡോക്യുമെന്‍റുകളും അതീവ ജാഗ്രതയോടെ ഉപയോഗിക്കണമെന്ന് ദുബായ് ജിഡിആർഎഫ്എ മുന്നറിയിപ്പ് നൽകി. രേഖകൾ നിശ്ചിത ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ എന്നും അധികൃതർ.
ജിഡിആർഎഫ്എയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് പൊതുജനങ്ങൾക്ക് ഈ നിർദേശം നൽകിയിരിക്കുന്നത്.''നിങ്ങളുടെ ഐഡിയും ഔദ്യോഗിക രേഖകളും ഒരു വിശ്വാസമാണ്, അതിനാൽ അവ നിശ്ചിത ആവശ്യങ്ങൾക്ക് മാത്രം ഉപയോഗിക്കുക'' എന്ന സന്ദേശമാണ് പ്രചരണത്തിന്‍റെ പ്രധാന ഉള്ളടക്കം.
സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വ്യക്തിഗത വിവരങ്ങൾ അനധികൃതമായി പങ്കിടുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിവയ്ക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
വ്യാജ ഇടപാടുകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവയിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് ദുബായ് ഇമിഗ്രേഷൻ നിർദേശിച്ചു.
ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നതിനിടെ വ്യക്തിഗത വിവരങ്ങൾ നൽകുന്നതിന് മുമ്പ് പ്ലാറ്റ്ഫോമുകളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും, സംശയാസ്പദമായ ലിങ്കുകളും ഫോൺ കോളുകളും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.