ദുബായ് മെട്രൊയുടെ 15-ാം വാർഷികം; 'മെട്രൊ ബേബീസ്' എന്ന പേരിൽ ആഘോഷ പരിപാടി നടത്തി ആർടിഎ 
Pravasi

ദുബായ് മെട്രൊയുടെ 15-ാം വാർഷികം; 'മെട്രൊ ബേബീസ്' ആഘോഷ പരിപാടിയുമായി ആർടിഎ

ദുബായ് പാർക്സ് & റിസോർട്സിലെ ലെഗോ ലാൻഡ് മിനി ലാൻഡിലായിരുന്നു പരിപാടി

ദുബായ്: ദുബായ് മെട്രൊയുടെ 15-ാം വാർഷികത്തോടനുബന്ധിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ നേതൃത്വത്തിൽ 2009 മുതൽ 2023 വരെയുള്ള വർഷങ്ങളിൽ സെപ്‌റ്റംബർ 9ന് ജനിച്ചവരെ പങ്കെടുപ്പിച്ച് 'മെട്രൊ ബേബീസ്' എന്ന പേരിൽ ആഘോഷ പരിപാടി നടത്തി. ദുബായ് പാർക്സ് & റിസോർട്സിലെ ലെഗോ ലാൻഡ് മിനി ലാൻഡിലായിരുന്നു കുട്ടികൾക്കായി പ്രത്യേക ആഘോഷ പരിപാടി ഒരുക്കിയത്.

ദുബായ് മെട്രൊ ഉദ്ഘാടന ദിനത്തിൽ ജനിച്ച കുട്ടികൾക്ക് അവരുടെ മാതാപിതാക്കളോടൊപ്പം പങ്കെടുക്കാൻ സാധിച്ചതിൽ ആർടിഎക്കും സന്തോഷമാണുള്ളതെന്ന് മാർക്കറ്റിംഗ് ആൻഡ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ റാഷിദ് അബ്ദുൽ കരീം അൽ മുല്ല പറഞ്ഞു. ദുബായിലെ പൊതുഗതാഗതത്തിന്‍റെ ഏറ്റവും തിളക്കമുള്ള പ്രതീകമാണ് മെട്രൊ. മെട്രൊ തുടങ്ങിയതോടെ ദുബായിലെ പൊതു ഗതാഗത സംവിധാനത്തിൽ വലിയ മാറ്റമാണ് ഉണ്ടായതെന്ന് അദേഹം അനുസ്മരിച്ചു.

ലെഗോ വേഷമണിഞ്ഞുള്ള മീറ്റ്-ആൻഡ്-ഗ്രീറ്റ് സെഷനുകളും കേക്ക് മുറിക്കൽ ചടങ്ങും നടന്നു. ഫോട്ടോ സെഷന് വേണ്ടി മിനിലാൻഡിലെ പോഡിയത്തിൽ കുട്ടികൾ ഒത്തുകൂടി. ഒപ്പം ലെഗോ ലാൻഡ് വിനോദ ടീമിന്‍റെ സമ്മർ സ്പ്ലാഷ് സ്ക്വാഡ് നൃത്ത പ്രകടനവും അരങ്ങേറി. ദുബായ് തീം പാർക്കിലേക്കും വാട്ടർ പാർക്കിലേക്കും കുടുംബങ്ങൾക്ക് പൂർണമായ പ്രവേശനം ഉണ്ടായിരുന്നു. ഇത് ആഘോഷത്തിന്‍റെ പൊലിമയും ഉത്സാഹവും കൂട്ടി.

ദുബായ് മെട്രൊയുടെ 15-ാം വാർഷികാഘോഷ ഭാഗമാകാനും 'മെട്രൊ ബേബീസ്' എന്ന പേരിൽ ഇത്തരമൊരു അർഥവത്തായ പരിപാടി സംഘടിപ്പിക്കാനും സാധിച്ചതിൽ തങ്ങൾ സന്തുഷ്ടരാണെന്ന് ലെഗോ ലാൻഡ് ദുബായ് റിസോർട് ജനറൽ മാനേജർ ടിം ഹാരിസൺ ജോൺസ് പറഞ്ഞു.

ദുബായ് മെട്രൊയുടെയും ട്രാമിന്‍റെയും ഓപ്പറേറ്ററായ കിയോലിസ്- മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ് എന്ന പ്രധാന പങ്കാളിയുമായി ചേർന്ന് ഈ വർഷത്തെ ആഘോഷം കൂടുതൽ സമ്പന്നമാക്കാൻ കഴിഞ്ഞുവെന്നും അദേഹം അഭിപ്രായപ്പെട്ടു.

മെട്രൊ പതിനഞ്ചാം വാർഷികത്തിന്‍റെ ഭാഗമായി നടത്തുന്ന ദുബായ് മെട്രോ സംഗീതോത്സവം 27 വരെ തുടരും. ദുബായ് മാൾ, മാൾ ഓഫ് എമിറേറ്റ്സ്, ബുർജ്മാൻ, യൂണിയൻ, ഡിഎംസിസി എന്നീ അഞ്ച് മെട്രൊ സ്റ്റേഷനുകളിലായി വൈകീട്ട് 5 മുതൽ രാത്രി 10 വരെയാണ് സംഗീത പരിപാടികൾ അരങ്ങേറുന്നത്. ഇരുപത് സംഗീതജ്ഞർ പരിപാടികൾ അവതരിപ്പിക്കും.

ദുബായ് ഗവൺമെന്‍റ് മീഡിയ ഓഫിസിന്‍റെ ക്രിയേറ്റിവ് വിഭാഗമായ ബ്രാൻഡ് ദുബായ് ആണ് മെട്രൊ മ്യൂസിക് ഫെസ്റ്റിവൽ സംഘാടകർ.

'ഒരു ഒത്തുതീർപ്പിനുമില്ല, ദയാധനം സ്വീകരിക്കില്ല'; നിമിഷപ്രിയക്ക് മാപ്പില്ലെന്ന് തലാലിന്‍റെ സഹോദരൻ

പൂരം കലക്കലിൽ എഡിജിപി അജിത് കുമാറിനെതിരേ നടപടി വേണം; മുഖ‍്യമന്ത്രിക്ക് റിപ്പോർട്ട് നൽകി ആഭ‍്യന്തര സെക്രട്ടറി

ഝാർഖണ്ഡിൽ വെടിവയ്പ്പ്; 2 മാവോയിസ്റ്റുകളെ വധിച്ചു, ജവാന് വീരമൃത്യു

'ആംബുലൻസ് വിളിച്ച് പോകാമായിരുന്നില്ലേ?' എഡിജിപിയുടെ ട്രാക്റ്റർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ബോംബ് ഭീഷണിയിൽ വലഞ്ഞ് ഡൽഹി; അഞ്ച് സ്കൂളുകൾക്ക് കൂടി ഭീഷണി