താമസ സ്ഥലത്ത് വ്യാജ ചികിത്സ; മൂന്ന് സ്ത്രീകളെ അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്
ദുബായ്: താമസയിടത്ത് നിയമ വിരുദ്ധമായി മെഡിക്കൽ പ്രാക്റ്റീസ് നടത്തുകയും, സൗന്ദര്യ ചികിത്സ നടത്തുകയും ചെയ്ത മൂന്ന് സ്ത്രീകളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഈ പ്രവർത്തനങ്ങൾ പൊതു സുരക്ഷയ്ക്ക് ഗുരുതര അപകട സാധ്യതകൾ സൃഷ്ടിക്കുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ദുബായ് ഹെൽത്ത് അതോറിറ്റി സഹകരിച്ചാണ് പൊലീസിലെ ആന്‍റി-എകണോമിക് ക്രൈം ഡിപാർട്മെന്‍റ് അറസ്റ്റ് നടത്തിയത്.
അപാർട്മെന്‍റിൽ നടക്കുന്ന സംശയാസ്പദ പ്രവർത്തനങ്ങളെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടർന്ന്, വിവരങ്ങൾ സ്ഥിരീകരിച്ച ശേഷം ഉദ്യോഗസ്ഥർ പരിശോധന നടത്തി മെഡിക്കൽ ഉപകരണങ്ങളും ലൈസൻസില്ലാത്ത മരുന്നുകളും പിടിച്ചെടുക്കുകയായിരുന്നു. പ്രതികളെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ലൈസൻസുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ സൗന്ദര്യ ചികിത്സ തേടാവൂ എന്നും, സേവന ദാതാക്കളുടെ യോഗ്യതകൾ പരിശോധിക്കണമെന്നും, ജീവൻ അപകടത്തിലാക്കുന്ന ഓഫറുകൾ ഒഴിവാക്കണമെന്നും ദുബായ് പൊലീസ് താമസക്കാരോട് അഭ്യർഥിച്ചു.
നിയമ വിരുദ്ധ മെഡിക്കൽ പ്രവർത്തനങ്ങൾ പോലുള്ള കാര്യങ്ങളെക്കുറിച്ച് 'പൊലീസ് ഐ' സേവനത്തിലൂടെയോ, അല്ലെങ്കിൽ 901 എന്ന നമ്പറിൽ വിളിച്ചോ റിപ്പോർട്ട് ചെയ്യാൻ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.