മാതാപിതാക്കൾക്ക് ഷോപ്പിങ് പ്രധാനം; ജീവശ്വാസം കിട്ടാതെ മക്കൾ വാഹനത്തിൽ!! ഇനി എന്ന് പഠിക്കും?

 
Pravasi

മാതാപിതാക്കൾക്ക് ഷോപ്പിങ് പ്രധാനം; ജീവശ്വാസം കിട്ടാതെ മക്കൾ വാഹനത്തിൽ!! ഇനി എന്ന് പഠിക്കും?

കഴിഞ്ഞ 4 മാസത്തിനുള്ളിൽ ദുബായ് പൊലീസ് രക്ഷിച്ചത് 92 ഓളം കുട്ടികളെ

ദുബായ്: കുഞ്ഞുമക്കളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തുപോകുന്നത് അവരുടെ ജീവൻ തന്നെ അപകടത്തിലാക്കുമെന്ന് അറിയാത്തവരാണോ മാതാപിതാക്കൾ? അറിയാതിരിക്കാൻ സാധ്യതയില്ല. അത്ര കണ്ട് ഈ വിഷയത്തിൽ ബോധവൽക്കരണം നടത്തുന്നുണ്ട് ദുബായ് പൊലീസും മറ്റ് അധികൃതരും. എന്നിട്ടും മാതാപിതാക്കളുടെ അലംഭാവം തുടരുന്നു എന്ന് തെളിയിക്കുന്ന ഒന്നാണ് കഴിഞ്ഞ ദിവസം 2 വയസുകാരൻ കാറിൽ കുടുങ്ങിപ്പോയ സംഭവം.

കുഞ്ഞിനെ തനിച്ചാക്കി മാതാപിതാക്കൾ സമീപത്തുള്ള കടയിൽ ഷോപ്പിങ്ങിന് പോയി. മാതാപിതാക്കൾ തിരിച്ചെത്താൻ വൈകിയതോടെ കുഞ്ഞിന് ശ്വാസം മുട്ടൽ അനുഭവപ്പെടാൻ തുടങ്ങി. പാർക്കിങ് സ്ഥലത്തേക്ക് തിരിച്ചെത്തിയ അമ്മ കാണുന്നത് ജീവശ്വാസത്തിന് വേണ്ടി പിടയുന്ന കുഞ്ഞിനെയാണ്. ഉടൻ തന്നെ ദുബായ് പൊലീസിനെ വിവരം അറിയിച്ചു.

ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂവിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി കുഞ്ഞിനെ സുരക്ഷിതമായി പുറത്തെത്തിച്ചു. പൊലീസിന്‍റെ സമയോചിതമായ ഇടപെടലിന് നന്ദി പറഞ്ഞ അമ്മ തനിക്കുണ്ടായത് ദുഃഖകരവും വേദനാജനകവുമായ അനുഭവമാണെന്നും കുഞ്ഞുങ്ങളെ ഒരിക്കലും കാറിൽ തനിയെ വിടരുതെന്ന് മറ്റ് മാതാപിതാക്കളോട് ആഹ്വാനം ചെയ്യുന്നുവെന്നും വ്യക്തമാക്കി.

കഴിഞ്ഞ 4 മാസത്തിനുള്ളിൽ ഇത്തരത്തിൽ കാറുകളിലോ ലിഫ്റ്റുകളിലോ വീട്ടിലെ പൂട്ടിയ മുറികളിലോ കുടുങ്ങിപ്പോയ 92 കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്തതായി ദുബായ് പൊലീസ് അറിയിച്ചു. പൂട്ടിയ വാഹനങ്ങളിൽ നിന്ന് 33 കുട്ടികളെയും ലിഫ്റ്റുകളിൽ നിന്ന് 7 പേരെയും വീടുകൾക്കുള്ളിൽ നിന്ന് 52 പേരെയും രക്ഷപ്പെടുത്തിയതായി ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് റെസ്‌ക്യൂയിലെ ലാൻഡ് റെസ്‌ക്യൂ വിഭാഗം മേധാവി കേണൽ അബ്ദുല്ല അലി ബിഷ്‌വാ പറഞ്ഞു. യു എ ഇ യിൽ താപനില ക്രമാനുഗതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ കുട്ടികളെ വാഹനത്തിനുള്ളിൽ തനിച്ചാക്കി പുറത്തുപോകുന്നത് കൂടുതൽ അപകടകരമാണെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

'വാപുര സ്വാമി' ക്ഷേത്ര നിർമാണം തടഞ്ഞ് ഹൈക്കോടതി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു

ഒറ്റപ്പാലത്ത് നാലു വയസുകാരനെ കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു