ഇലക്ട്രോണിക് സൂചനാ ബോർഡുകൾ ഗതാഗത കുരുക്ക് കുറയ്ക്കുന്നതായി ദുബായ് ആർടിഎ
ദുബായ്: ദുബായിലെ പ്രധാന റോഡുകളിൽ സ്ഥാപിച്ച ഇലക്ട്രോണിക് സൂചന ബോർഡുകൾ ഗതാഗത കുരുക്ക് കുറക്കുന്നതിൽ നിർണായകമായ പങ്ക് വഹിക്കുന്നതായി ദുബായ് റോഡ് ഗതാഗത അതോറിറ്റി (ആർടി.എ) അറിയിച്ചു. പ്രധാന ഇടനാഴികളിലെ സൈൻ ബോർഡുകളിൽ പ്രദർശിപ്പിക്കുന്ന അപകട, മുന്നറിയിപ്പ് സന്ദേശങ്ങൾ വഴി 20 ശതമാനം വരെ യാത്രാസമയം കുറക്കാനും കഴിയുന്നു.
അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ, ഗതാഗതക്കുരുക്ക്, കാലാവസ്ഥമാറ്റം എന്നിവ യഥാസമയം സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിലൂടെ റോഡ് സുരക്ഷ വർധിപ്പിക്കാനും അപകടങ്ങൾ കുറക്കാനും സാധിച്ചു വെന്നാണ് ആർ ടി എ യുടെ വിലയിരുത്തൽ.
നിലവിൽ എമിറേറ്റിലുടനീളം 112 ഇലക്ട്രോണിക് സൈൻ ബോർഡുകളാണ് ആർടിഎ സ്ഥാപിച്ചിരിക്കുന്നത്. ദുബായുടെ ഇന്‍റലിജൻസ് ട്രാഫിക് സിസ്റ്റം സെന്‍ററിലെ നൂതനമായ എ ഐ ട്രാഫിക് സംവിധാനങ്ങളുമായി ഇവയെ സംയോജിപ്പിച്ചിരിക്കുകയാണ്.
കഴിഞ്ഞ ആറുമാസത്തിനിടെ ഈ സൈൻ ബോർഡുകളിലായി 17,819 സന്ദേശങ്ങൾ പ്രദർശിപ്പിച്ചതായി ആർടിഎയുടെ ട്രാഫിക് ആൻഡ് റോഡ്സ് ഏജൻസിയിലെ ഇന്‍റലിജന്‍റ് ട്രാഫിക് സിസ്റ്റംസ് ഡയറക്ടർ സാലഹ് അൽ മർസൂഖി പറഞ്ഞു.
ഇതിൽ റോഡപകടങ്ങളുമായി ബന്ധപ്പെട്ട മെസേജുകളാണ് കൂടുതൽ. 12,283 സന്ദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് അയച്ചിരിക്കുന്നത്. 1038 മുന്നറിയിപ്പ് സന്ദേശങ്ങൾ, 984 ഗതാഗതക്കുരുക്ക് മുന്നറിയിപ്പുകൾ, വാഹനങ്ങൾ തകരാറിലായതുമായി ബന്ധപ്പെട്ടുള്ള 905 സന്ദേശങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടും. റോഡ് പൂർണമായും അടച്ചതായുളള 90 സന്ദേശങ്ങളും കാലാവസ്ഥ മാറ്റങ്ങൾ സംബന്ധിച്ച് 2519 മെസേജുകളും പ്രദർശിപ്പിച്ചു.